ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ നാലാം തവണയും സോഹന്‍ റോയ്

സ്വന്തം ലേഖകന്‍

അറബ് ലോകത്ത് സ്വാധീനം ചെലുത്തുന്ന ഇന്ത്യക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയില്‍ മലയാളിയായ സോഹന്‍ റോയ് ഇടം നേടി. ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ ആയ സോഹന്‍ റോയ് ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പ്. 1998ല്‍ സോഹന്‍ റോയ് തുടക്കമിട്ട ഏരീസ് ഗ്രൂപ്പില്‍ നാലായിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നവര്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ ഒരു രൂപ = ഒരു ഡോളര്‍ എന്ന നിലയിലേക്ക് വിനിമയ നിരക്കിനെ എത്തിക്കാനാകുമെന്ന് സോഹന്‍ റോയ് ഫോബ്സ് പുരസ്കാര വേദിയില്‍ പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.