കൂടുതല്‍ കരുത്തുമായി നെക്സോണ്‍

സ്വന്തം ലേഖകന്‍

 

കോംപാക്ട് എസ്യുവികളില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള വാഹനമാണ് ടാറ്റ നെക്സോണ്‍. ഇടി പരീക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ച നെക്സോണ്‍ വില്‍പന കണക്കിലും പിന്നിലല്ല. വാഹനവിപണിയില്‍ ടാറ്റയുടെ തിരിച്ചു വരവിന് നിര്‍ണായക പങ്കുവഹിച്ച വാഹനമായിരുന്നു നെക്സോണ്‍. കഴിഞ്ഞ മാസമാണ് നെക്സോണ്‍ മുഖം മിനുക്കി ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയത്. എന്നാല്‍, അന്ന് വാഹനത്തിന്‍റെ എന്‍ജിനെ കുറിച്ചുള്ള സൂചനകള്‍ ടാറ്റ മോട്ടോഴ്സ് പുറത്ത് വിട്ടിരുന്നില്ല.

 

ഇപ്പോള്‍ നെക്സോണിലെ പുതിയ എന്‍ജിനെ കുറിച്ചുള്ള വിവരങ്ങളും ടാറ്റ മോട്ടോഴ്സ് പുറത്ത് വിട്ടിരിക്കുകയാണ്. ബിഎസ് 4 എന്‍ജിനേക്കാളും കരുത്ത് കൂടുതലായിരിക്കും നെക്സോണിലെ ബി.എസ് 6 എന്‍ജിന്‍. നെക്സോണിലെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്താണ് നല്‍കുക. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാന്‍സ്മിഷന്‍. ടാറ്റ നെക്സോണിന്‍റെ ബിഎസ് 6 വകഭേദത്തിന് 6.95 ലക്ഷമായിരിക്കും ഷോറും വില. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും കമ്പനി മാറ്റം വരുത്തിയിട്ടില്ല.