സ്വന്തം ലേഖകന്‍
ഗ്ലോബല്‍ ഡയറി വില്ലേജാവാനൊരുങ്ങി ധര്‍മ്മടം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. മൃഗസംരക്ഷണക്ഷീരവകുപ്പ് മന്ത്രി കെ രാജു, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേങ്ങാട് ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുക.
എട്ട് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 12 ക്ഷീരസഹകരണ സംഘങ്ങളാണുള്ളത്. 1700 ക്ഷീരകര്‍ഷകരില്‍ നിന്ന് പ്രതിദിനം 13,500 ലിറ്റര്‍ പാല്‍ ഇപ്പോള്‍ സംഭരിക്കുന്നുണ്ട്. ഗിര്‍, താര്‍പാര്‍ക്കര്‍, സഹിവാള്‍ തുടങ്ങിയ ഇന്ത്യന്‍ ജനുസ്സുകളെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതിനുള്ള ആധുനിക കേന്ദ്ര ഡയറി ഫാം, 10 സാറ്റലൈറ്റ് ഡയറി ഫാമുകള്‍, പ്രതിദിനം 10,000 ലിറ്റര്‍ ഗുണമേന്മയുള്ള നാടന്‍ പാല്‍ ഉത്പാദനം, ജൈവപാല്‍, ജൈവ പച്ചക്കറി ഉല്‍പാദനം, ചാണകം, ഗോമൂത്രം എന്നിവയില്‍നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഫാം ടൂറിസം സെന്‍റര്‍, ഐസ്ക്രീം, വെണ്ണ, നെയ്യ്, പ്രോബയോട്ടിക് യോഗര്‍ട്ട്, ചീസ്, ഫംഗ്ഷണല്‍ മില്‍ക്ക് തുടങ്ങിയവയുടെ വിതരണവും ലക്ഷ്യമാണ്.
സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ക്ഷീരവികസന പദ്ധതിയാണിത്. അന്തര്‍ദേശീയതലത്തിലുള്ള ഉല്‍പ്പന്ന നിര്‍മാണവും ഗുണനിലവാരവും ഉറപ്പാക്കും. മുഴുവന്‍ കാര്യങ്ങളും ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും. പദ്ധതി വരുന്നതോടെ 1000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 35 ലക്ഷം ലിറ്റര്‍ നാടന്‍ പാല്‍ ഉല്‍പാദിപ്പിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും.

