ഇന്ത്യയിലെ മികച്ച ബ്രാന്‍ഡ് ടാറ്റ

സ്വന്തം ലേഖകന്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡായി ടാറ്റയെ വീണ്ടും തിരഞ്ഞെടുത്തു. ലണ്ടനിലെ ബ്രാന്‍ഡ് ഫിനാന്‍സ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഇന്ത്യയിലെ ബ്രാന്‍ഡുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ടാറ്റ തന്നെയായിരുന്നു ഇവരുടെ പട്ടികയില്‍ ഒന്നാമത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 100 ബ്രാന്‍ഡുകളെ കുറിച്ചാണ് ബ്രാന്‍ഡ് ഫിനാന്‍സ് പഠനം നടത്തിയിരുന്നത്.

 

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ടാറ്റായുടെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ വര്‍ഷം 37 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1955 കോടി ഡോളറാണ് ടാറ്റായുടെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷം 1423 കോടി ഡോളറായിരുന്നു. ലോകത്തെ ഏറ്റവും മികച്ച 100 ബ്രാന്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ടാറ്റ എണ്‍പത്തിയാറാം സ്ഥാനത്താണ്.