'ബൈജുസ്' ഉടമ ശതകോടീശ്വര ക്ലബ്ബില്‍

സ്വന്തം ലേഖകന്‍

വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ട് അപ്പ് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ശതകോടീശ്വര ക്ലബ്ബില്‍. ബൈജൂസ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് ഈയിടെ 570 കോടി ഡോളര്‍ ഫണ്ട് സമാഹരിച്ചതോടെയാണ് ബൈജു രവീന്ദ്രന്‍ ഈ നേട്ടത്തിന് ഉടമയായത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് 37 കാരനായ ബൈജു. അതിനിടെ, ബൈജൂസ് ആപ്പ് അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇതിനായി ലോക പ്രശസ്തമായ വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷനുമായി കരാറിലെത്തി. 2020- ല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി.

 

2020- ആകുമ്പോള്‍ ഇന്ത്യയിലെ ഓണ്‍ ലൈന്‍ ലേണിംഗ് ബിസിനസ് 570 കോടി ഡോളറായി ഉയരുമെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. 2020 ല്‍ കമ്പനിയുടെ വിറ്റുവരവ് 3000 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേവലം എട്ടു വര്‍ഷം മുമ്പ് 2011- ലാണ് ബൈജൂ ഇ ഓണ്‍ലൈന്‍ ട്യൂഷന്‍ എന്ന ആശയവുമായി രംഗത്തെത്തുന്നത്. 2015- ല്‍ കമ്പനിയുടെ പ്രധാന ആപ്പ് അവതരിപ്പിച്ചു. ഇതിനു പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം.