കരകൗശല വികസന കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്

സ്വന്തം ലേഖകന്‍

കേരളത്തിലെ തനതായ കരകൗശല ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വളരെ വേഗം എത്തിക്കുന്നതിന് കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. എന്ന പോര്‍ട്ടല്‍ വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കരകൗശല ഉത്പന്നങ്ങളുടെ സവിശേഷതകളും നിര്‍മിച്ച കലാകാരന്‍മാരുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയാണ് പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്. കേരള കരകൗശല ഉത്പന്നങ്ങളുടെ വ്യാജന്‍മാരെ ഒരുപരിധി വരെ തടയുക എന്ന ലക്ഷ്യവും ഓണ്‍ലൈന്‍ പോര്‍ട്ടലിനുപിന്നിലുണ്ട്.

 

പരമ്പരാഗത തൊഴിലാളികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയ ഡിസൈനുകള്‍ നിര്‍മിക്കാന്‍ പരിശീലനം നല്‍കുന്നതിനുമായി ഡിസൈന്‍ ആന്‍റ് ടെക്നോളജി വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രത്യേക ക്രാഫ്റ്റില്‍ പ്രാവീണ്യമുള്ള ശില്‍പികള്‍ക്ക് ഉത്പന്നങ്ങള്‍ നിര്‍മിക്കാനും പരിശീലിപ്പിക്കാനുമായി മൂന്നു പൊതുസേവന കേന്ദ്രങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. സിഡിറ്റാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്. കോര്‍പ്പറേഷന്‍റെ വിപണന ശൃംഖലയായ കൈരളിയുടെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് സൈറ്റുകളിലും വിപണനം ആരംഭിച്ചിട്ടുണ്ട്.