ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ

സ്വന്തം ലേഖകന്‍

 

ഇന്ത്യയില്‍ പെട്രോകെമിക്കല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഖനനം തുടങ്ങിയ മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്നും എണ്ണ, ഗ്യാസ്, ഖനനം തുടങ്ങിയ പ്രധാന മേഖലകളില്‍ രാജ്യവുമായി ദീര്‍ഘകാല പങ്കാളിത്തത്തില്‍ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അംബാസഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി പറഞ്ഞു.

 

ഊര്‍ജ്ജം, ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, ധാതുക്കള്‍, ഖനനം എന്നീ മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നുണ്ടെന്ന് മുഹമ്മദ് അല്‍ സതി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മില്‍ വളരുന്ന ഊര്‍ജ്ജ വ്യവസായ ബന്ധം തന്ത്രപരമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.