കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും

സ്വന്തം ലേഖകന്‍

 

കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്‍റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി കിന്‍ഫ്ര വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ കോക്കനട്ട് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. കോണ്‍ഫറന്‍സിന്‍റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളടക്കമുള്ളവര്‍ നാളികകേരാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. കോക്കനട്ട് പാര്‍ക്കുകളില്‍ വ്യവസായം ആരംഭിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണനയിലുണ്ട്. നാളികേരം കേരളത്തിന്‍റെ സ്വത്താണ്. നാളികേരത്തില്‍ നിന്നുള്ള ഫലം സംസ്ഥാനത്തെ സാമൂഹ്യജീവിതത്തെ ഉയര്‍ത്തികൊണ്ടു വരുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ ഇവരുടെയെല്ലാം ഉയര്‍ച്ചയുടെ ഒരു ഭാഗം നാളികേരത്തില്‍ നിന്നുള്ള വരുമാനമാണ്.

 

വില തകര്‍ച്ചയാണ് നാളികേര ഉത്പ്പാദനത്തില്‍ നാം പിറകോട്ട് പോകാന്‍ കാരണം. ഇത് പരിഹരിക്കാന്‍ നാളികേരത്തില്‍ നിന്ന് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണം. ഉല്‍പ്പാദനത്തിന്‍റെയും മൂല്യവര്‍ധനവിന്‍റെയും സാധ്യതകളെ കുറിച്ചുള്ള പുതിയ അറിവുകള്‍ പങ്കിട്ടാണ് അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സും പ്രദര്‍ശനവും സമാപിച്ചതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പറ്റുന്ന തരത്തിലുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ കൊണ്ടുവരികയാണ്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ച് വേണം സ്ഥാപനം ആരംഭിക്കാന്‍. ഇങ്ങനെ ആരംഭിക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മതി.

 

ദേശീയ കോക്കനട്ട് ചാലഞ്ചില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. വി കെ രാമചന്ദ്രന്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിങ് കോളജിലെ ജെയിംസും സംഘവുമാണ് ഒന്നാംസ്ഥാനം നേടിയത്. ഡോ. റജി ജോണ്‍ ജോസഫ്, ഡോ. സിറിയക് ജോസഫ് പാലക്കല്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. പ്രതിമാസം 15,000 ലിറ്റര്‍ വെളിച്ചണ്ണ വിതരണം ചെയ്യാനാി തെലങ്കാന സംസ്ഥാന കോപ്പറേറ്റീവ് ഓയില്‍ സീഡ് ഗ്രോവേഴ്സ് ഫെഡറേഷനുമായി ധാരണാപത്രം ഒപ്പിട്ട അഞ്ചരകണ്ടി ഫാര്‍മേഴ്സ് കോപറേറ്റീവിനുള്ള ഉപഹാരവും ഡോ. വി കെ രാമചന്ദ്രന്‍ സമ്മാനിച്ചു.

 

നാഷണല്‍ കോക്കനട്ട് ചലഞ്ച് എന്ന വിഷയത്തില്‍ സംസ്ഥാന സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാളികേര ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ആര്‍ രാംകുമാറും നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജയന്‍ ജോസ് തോമസും സംസാരിച്ചു. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് എം കൗള്‍ നന്ദി പറഞ്ഞു.