സ്വന്തം ലേഖകന്‍
വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്സുകള്‍ കേരളത്തിലെ സര്‍വകലാശലകള്‍ വളരെ വേഗം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്ക് ആവശ്യമായവരെ ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായി. അതിന് മാറ്റമുണ്ടാവണം. തൈക്കാട് ഗസ്റ്റ് ഹൗസില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സര്‍വകാശാലയില്‍ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാര്‍ത്ഥം മറ്റൊരു സര്‍വകലാശാലയില്‍ സെമസ്റ്റര്‍ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്കായി നിരവധി വിദേശ രാജ്യങ്ങളില്‍ നിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ നഴ്സിംഗ് കോളേജുകളില്‍ ഇംഗ്ളീഷിനു പുറമെ മറ്റു വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല, എം. ജി, കുസാറ്റ്, കലിക്കറ്റ്, ഫിഷറീസ് ആന്‍റ് ഓഷന്‍ സയന്‍സസ്, ആരോഗ്യ സര്‍വകലാശാല, ശ്രീ ശങ്കര സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല, കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ്, കേരള കലാമണ്ഡലം, കണ്ണൂര്‍ സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രധാന സര്‍വകലാശാലകളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണമെന്ന നിര്‍ദ്ദേശം യോഗത്തിലുണ്ടായി. സിലബസ് പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കണം. വിദൂര പഠനത്തിനും റഗുലര്‍ പഠനത്തിനും ഒരേ സിലബസ് ആക്കണം. ഇഗ്രാന്‍റുകള്‍ സമയബന്ധിതമായി നല്‍കണം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം യു.ജി.സി മാനദണ്ഡമനുസരിച്ചാകണം. യു.ജി.സി നിഷ്കര്‍ഷിച്ചിട്ടുള്ള 180 പഠന ദിവസങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സര്‍കലാശാലകളില്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സുകള്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി.
വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലെ കോളേജുകളിലും സര്‍വകലാശാലകളിലും ആകര്‍ഷിക്കാന്‍ ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തണം. അന്തര്‍ദ്ദേശീയ നിലവാരമുള്ള ഹോസ്റ്റലുകളും ഇതിന്‍റെ ഭാഗമായി വരണം. സര്‍വകലാശാലകളിലെ പ്ലേസ്മെന്‍റ് സെല്ലുകള്‍ ശക്തിപ്പെടുത്തണം. ചില മേഖലകളിലെങ്കിലും ഓണ്‍ലൈന്‍ കോഴ്സുകള്‍ സര്‍വകലാശാലകള്‍ ആരംഭിക്കണം. മെഡിക്കല്‍ പി.ജി കോഴ്സുകള്‍ കൂടുതലായി ആരംഭിക്കണമെന്നും പുതിയതായി തുടങ്ങുന്ന മെഡിക്കല്‍ കോളേജുകളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി അവിടങ്ങളില്‍ പി.ജി കോഴ്സുകള്‍ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി.
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ മറ്റു സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കാനാവുമെന്നും അഭിപ്രായമുയര്‍ന്നു. പരിഭാഷ പഠന കേന്ദ്രം ആരംഭിക്കണമെന്നും പാരമ്പര്യ വിജ്ഞാനം ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്‍ജിനിയറിംഗ് കോളേജുകളില്‍ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വേണ്ട നടപടിയുണ്ടാവണം. സര്‍വകലാശാലകള്‍ തമ്മിലുള്ള സഹകരണം വര്‍ധിക്കണമെന്നും അഭിപ്രായമുണ്ടായി.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ്. സെന്തില്‍, സെക്രട്ടറി ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

