സ്വന്തം ലേഖകന്‍
കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി നിയമസഭ പാസാക്കി. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്ലാണ് പാസാക്കിയത്. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ബില്‍ അവതരിപ്പിച്ചത്. കേരളത്തിന്‍റെ വ്യവസായ മേഖലക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്ന പുതിയ നിയമപ്രകാരം മൂന്നു വര്‍ഷം വരെ പത്തുകോടി രൂപവരെ മുതല്‍മുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാന്‍ ലൈസന്‍സുകള്‍ ആവശ്യമില്ല.
ജില്ലാ ഏകജാലക ബോര്‍ഡിന് അപേക്ഷയും സത്യവാങ്മൂലവും നല്‍കുമ്പോള്‍ ലഭിക്കുന്ന രസീത് പ്രകാരം പിറ്റേ ദിവസംതന്നെ വ്യവസായം ആരംഭിക്കാം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ആറു മാസത്തിനകം എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുക്കണം. റെഡ് കാറ്റഗറിയില്‍പെട്ടതോ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം തീരദേശ പരിപാലന നിയമം എന്നിവ ലംഘിച്ചുള്ളതോ ആയ വ്യവസായം ആരംഭിക്കാന്‍ ഈ നിയമ പ്രകാരം സാധിക്കില്ല. അതേസമയം വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാന്‍ തടസ്സമില്ല. നിലവില്‍ കേരളത്തിലെ വ്യവസായ സംരംഭങ്ങളില്‍ 68 ശതമാനവും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളാണ്. കേരളത്തില്‍ കൂടുതല്‍ സാധ്യതയും ഇത്തരം വ്യവസായങ്ങള്‍ക്കാണ്. പുതിയ നിയമം ഇത്തരം വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ഏറെ സഹായം പകരും.
കാലവിളംബം കൂടാതെ സംരംഭം തുടങ്ങാന്‍ കഴിയുന്നുവെന്നതാണ് നിയമത്തിന്‍റെ കാതല്‍. ലൈസന്‍സിനായി സമയം കളയാതെ സംരംഭം തുടങ്ങാം. എന്നാല്‍ നിയമവിധേയമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ. പഠിച്ചിറങ്ങിയാല്‍ സ്വന്തം നിലയില്‍ ഒരു സംരംഭം എത്രയും വേഗം പ്ലാന്‍ ചെയ്യാനും നടപ്പാക്കാനും നിയമം വഴിയൊരുക്കും . വിദേശതൊഴില്‍ അവസാനിപ്പിച്ച് നാട്ടില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൈസന്‍സിനായി കാത്തുനില്‍ക്കാതെ സംരംഭം തുടങ്ങാന്‍ കഴിയുന്നതിനാല്‍ പദ്ധതി ചെലവ് പ്ലാന്‍ ചെയ്തതു പോലെ നിയന്ത്രിക്കാന്‍ കഴിയും. പരിസ്ഥിതി സൗഹൃദവും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ നൂതന ചെറുകിട സംരംഭങ്ങള്‍ വളര്‍ന്നുവരാന്‍ നിയമം വഴിവയ്ക്കും.
നിയമം ഇങ്ങനെ
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത ഫോറത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പരിശോധിക്കുന്ന ബോര്‍ഡ് കൈപറ്റ് രസീത് നല്‍കും. ഇത് ലഭിച്ചാലുടന്‍ സംരംഭം തുടങ്ങാം. മൂന്നു വര്‍ഷമാണ് കാലാവധി. തുടര്‍ന്ന് ആറു മാസത്തിനകം നിയമപരാമായി എടുക്കേണ്ട എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുത്തിരിക്കണം. സാക്ഷ്യ പത്രത്തിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ അഞ്ചു ലക്ഷം രൂപവരെ പിഴ, പത്തു കോടി രൂപയില്‍ താഴെയുള്ള സംരംഭങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. നോഡല്‍ ഏജന്‍സിയുടെ തീരുമാനം അനൂകൂലമല്ലെങ്കില്‍ സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മുമ്പാകെ അപ്പീല്‍ നല്‍കാം.
അനുമതി ലഭിക്കാത്തവ
റെഡ് കാറ്റഗറിയില്‍പെട്ട ഓയില്‍ റിഫൈനറി, മൈനിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിസ്റ്റലിറി തുടങ്ങിയ സംരംഭങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. തണ്ണീര്‍തട നിയമം മറികടക്കാനാവില്ല. അതിനാല്‍ നെല്‍വയല്‍ നികത്തി കെട്ടിടം പണിയാനാകില്ല. തീരദേശം, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവയെ നിയമം സ്പര്‍ശിക്കുന്നില്ല. നികുതി വെട്ടിച്ച് വ്യവസായം തുടങ്ങാനാകില്ല. ജിഎസ്ടി, ഭക്ഷ്യസുരക്ഷാ നിയമം, ഗുണമേന്മാ സര്‍ട്ടിഫിക്കറ്റുകള്‍, അളവ് തൂക്ക നിയമങ്ങള്‍ തുടങ്ങിയവ ബാധകമാണ്.

