ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി

സ്വന്തം ലേഖകന്‍

 

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. എല്ലാ വ്യവസായ, കരകൗശല ഉത്പന്നങ്ങള്‍ക്കും കേരളത്തിനുപുറത്തും അന്താരാഷ്ട്ര വിപണിയിലും സ്ഥാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015-16ലെ മികച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും 2016ലെ മികച്ച കരകൗശല വിദഗ്ധര്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരളത്തിലെ വ്യവസായരംഗത്ത് 70 ശതമാനവും ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളാണ്. ഇവ കഴിയുന്നത്ര വിപുലീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാല്‍ വ്യവസായരംഗത്ത് വന്‍ മാറ്റമുണ്ടാകും. കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവില്‍ 54000 ഇത്തരം യൂണിറ്റുകളാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇതുവഴി 4000 കോടിയിലേറെ നിക്ഷേപം ഉണ്ടാവുകയും 1,82,200 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. വ്യവസായങ്ങള്‍ക്ക് ലൈസന്‍സുകളും അനുമതികളും ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് കെ-സ്വിഫ്റ്റ് പോലുള്ള ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയത്.

 

പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി, മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ മറ്റു ലൈസന്‍സുകള്‍ നേടിയാല്‍ മതി. വ്യവസായങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോഴിക്കോട് നടന്ന കോക്കനറ്റ് എക്സ്പോയുടെ തുടര്‍ച്ചയായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്ഥലം കണ്ടെത്തി നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്. കിഫ്ബി ഉള്‍പ്പെടെയുള്ള സ്രോതസ്സുകളിലൂടെ സാമ്പത്തികനില മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. മികച്ച സാങ്കേതികവിദ്യ കൂടി ലഭ്യമാക്കി അതിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യെമന്നും മന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളില്‍ സംസ്ഥാനതല, ജില്ലാതല അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.


വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ കെ. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് ആമുഖ പ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്യം, ശില്‍പി കാനായി കുഞ്ഞിരാമന്‍, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്‍റ് എം. ഖാലിദ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ബിജു സ്വാഗതവും അസി: ഡയറക്ടര്‍ എസ്. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.