ഇന്ത്യയില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍

സ്വന്തം ലേഖകന്‍

 

അഞ്ചു വര്‍ഷത്തിനകം ഇന്ത്യയില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ദി വാഷിംഗ്ടണ്‍ പോസ്റ്റില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആമസോണിന്‍റെ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഈ അവസരത്തിലാണ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന ജെഫ് ബെസോസിന്‍റെ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്.

 

"2025- ഓടെ ആമസോണിന്‍റെ ആഗോള ശൃംഖല ഉപയോഗിച്ച് 10 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇന്ത്യയിലെ ഞങ്ങളുടെ നിക്ഷേപം 2025- ഓടെ രാജ്യത്ത് ഉടനീളം പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ' ജെഫ് ബെസോസ് പറഞ്ഞു.

 

"ഞാന്‍ ഇന്ത്യയില്‍ എത്തുമ്പോഴെല്ലാം ഈ രാജ്യവുമായി കൂടുതല്‍ പ്രണയത്തിലാകുന്നു. ഇന്ത്യന്‍ ജനതയുടെ അതിരുകളില്ലാത്ത ഊര്‍ജ്ജവും, പുതുമയും, ചടുലതയും എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നു," അമേരിക്കന്‍ ശതകോടീശ്വരന്‍ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും മൈക്രോ, ചെറുകിട ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ബെസോസ് ഇതിനകം ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്.