ഡോ. ടി.എം. തോമസ് ഐസക്
ശരണ്യയും ദേവകുമാറും എഞ്ചിനീയര്‍മാരാണ്. ഇരുവര്‍ക്കും ഗള്‍ഫിലായിരുന്നു ജോലി. ശരണ്യ ഒരു വാട്ടര്‍ പ്രൂഫിംഗ് കമ്പനിയിലും ദേവകുമാര്‍ ടെലികോം കമ്പനിയിലും. പക്ഷെ, ഇപ്പോള്‍ തൊഴില്‍ പാള പാത്രങ്ങള്‍ ഉണ്ടാക്കലാണ്. നിവര്‍ത്തികേടുകൊണ്ടല്ല. വിവാഹം കഴിഞ്ഞപ്പോള്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തൊഴില്‍ തുടങ്ങുന്നതിനെക്കുറിച്ചായി ആലോചന. വലിയ ആദര്‍ശ സ്വപ്നങ്ങളായിരുന്നു. തങ്ങളുടെ സംരംഭം പ്രകൃതിയോട് ഇണങ്ങിയതാകണം. നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കണം. നാട്ടിലെ വിഭവങ്ങളില്‍ മൂല്യവര്‍ദ്ധനവരുത്തണം. അങ്ങനെയാണ് പാപ്ല എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ എത്തിച്ചേര്‍ന്നത്.
ദേവകുമാറിന്‍റെ വീട് മടിക്കൈയിലാണ്. അതുകൊണ്ട് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയത് നീലേശ്വരത്താണ്. കാസര്‍ഗോഡ് സുലഭമായ വിഭവമാണ് കവുങ്ങിന്‍ പാള. അതുകൊണ്ട് പാളകൊണ്ട് പ്ലേറ്റ്, സ്പൂണ്‍, തൊപ്പി, ബാഡ്ജ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഉണ്ടാക്കുകയാണ് സംരംഭം. പാളക്ക് ആകൃതി നല്‍കാന്‍ യന്ത്ര അച്ചുകള്‍ ഉപയോഗപ്പെടുത്തുന്നു. വായ്പയടക്കം ഏതാണ്ട് 20ലക്ഷം രൂപ ഇതുവരെ മുതല്‍മുടക്കിയിട്ടുണ്ട്. ബാലാരിഷ്ടതകള്‍ ഏറെയുണ്ട്. കപ്പാസിറ്റി മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കണം. തുടക്കത്തില്‍ ഇങ്ങനെയൊക്കേയാകൂ എന്ന സമാധാനത്തിലാണ് ഇരുവരും. തികഞ്ഞ ശുഭാപ്തി വിശ്വാസികള്‍. കൂടുതല്‍ പ്രകൃതിസൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം കൊടുക്കാനുള്ള ഒരുക്കത്തിലാണ് പാപ്ല. പ്ലാസ്റ്റിക് നിരോധനം ഇത്തരം ബദല്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിപ്പിക്കുമെന്ന് തീര്‍ച്ചയാണല്ലോ.
തിരുവനന്തപുരത്തെ ഹരിതസംഗമം 2020ലാണ് ഇരുവരെയും പരിചയപ്പെടുന്നത്. പ്ലേറ്റിന്‍റെ വില ഒരു പ്രശ്നമാണെന്നു തോന്നി. ചോറ് വിളമ്പാവുന്ന ഒരു പ്ലേറ്റിന് 10 രൂപ വില വരും. ഇപ്പോള്‍ ഒറ്റത്തവണയേ ഉപയോഗിക്കുന്നുള്ളൂ. ഇത് പല തവണയാക്കാന്‍ കഴിയണം. തടസ്സം, പാളയുടെ വിടവുകളിലെല്ലാം ഭക്ഷ്യാവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കും എന്നുള്ളതാണ്. ഇതിനൊരു പ്രതിവിധി ഇല പ്ലേറ്റും പാള പ്ലേറ്റും സംയോജിപ്പിക്കുകയായിരിക്കില്ലേ? ഇലകൊണ്ടുള്ള ഒരു പ്ലേറ്റിന് ഒരു രൂപയേ വില വരൂ. പക്ഷെ, ചോറും മറ്റും ഇതില്‍ വിളമ്പാന്‍ പ്രയാസമാണ്. പാള പ്ലേറ്റില്‍ ഇല പ്ലേറ്റ് വിതാനിക്കുക. ഭക്ഷണം കഴിഞ്ഞാല്‍ ഇലപ്ലേറ്റ് കളയുക. പാള പ്ലേറ്റ് കഴുകി പുനരുപയോഗിക്കാം. അഞ്ചോ, ആറോ തവണ ഉപയോഗിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല. അപ്പോള്‍ ഒരു വിളമ്പലിന് 2-3 രൂപയേ ചെലവു വരൂ. ചിലര്‍ക്ക് ഒരു ധാരണയുണ്ട്. പ്രകൃതിസൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങള്‍ മറ്റു തൊഴിലൊന്നും ഇല്ലാത്തവരുടെ ഉപജീവന പണിയാണെന്ന്. ഈ ധാരണയെ തിരുത്തുകയാണ് ഹരിതസംഗമത്തിലെ ഒട്ടനവധി അഭ്യസ്തവിദ്യരായ യുവസംരംഭകര്‍.

