സ്ഥിരതാമസത്തിന് യുഎഇയില്‍ ഗോള്‍ഡന്‍ കാര്‍ഡ്

സ്വന്തം ലേഖകന്‍

നിക്ഷേപകരായ വിദേശികള്‍ക്കും പ്രൊഫഷണലുകള്‍ക്കും യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കാന്‍ പദ്ധതി. ഗോള്‍ഡന്‍ കാര്‍ഡ് എന്നു പേരിട്ട പദ്ധതിയില്‍ വന്‍കിട നിക്ഷേപകര്‍, മെഡിസിന്‍, എന്‍ജിനീയറിംഗ്, ശാസ്ത്രം തുടങ്ങിയവയിലെ പ്രതിഭകളെ സ്ഥിരതാമസത്തിന് പരിഗണിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡന്‍ കാര്‍ഡ് പുറത്തിറക്കി.

ആദ്യഘട്ടത്തില്‍ 6,800 നിക്ഷേപകര്‍ക്കാണ് സ്ഥിരം താമസരേഖയായ ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുക. ഇവരുടെ യുഎഇയിലെ മൊത്തം നിക്ഷേപം 100 ബില്യന്‍ ദിര്‍ഹം വരുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ വ്യക്തമാക്കി.
യുഎഇയുടെ വിജയത്തില്‍ ഗുണകരമായ സംഭാവന നല്‍കിയവര്‍ക്കുമായാണ് ഗോള്‍ഡന്‍ കാര്‍ഡ് എന്ന പേരിലുള്ള സ്ഥിരം താമസ രേഖ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവര്‍ സ്ഥിരം പങ്കാളികളായിരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.