ബി പി സി എല്‍ ഏറ്റെടുക്കാന്‍ റഷ്യന്‍ കമ്പനി

സ്വന്തം ലേഖകന്‍

 

ബി പി സി എല്‍ ഏറ്റെടുക്കുന്നതിന് റഷ്യന്‍ കമ്പനി രംഗത്ത് . റഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉല്പാദന കമ്പനിയായ റോസ്നെഫ്റ്റാണ് ബി പി സി എല്‍ ഏറ്റെടുക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി റോസ്നെഫ്റ്റിന്‍റെ സി ഇ ഒ, ഇഗോര്‍ സെഷിന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തി.

 

ബി പി സി എല്ലിന്‍റെ 53 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ, യു എ ഇയിലെ അഡ്നോക് എന്നീ കമ്പനികളും ബി പി സി എല്‍ ഏറ്റെടുക്കുന്നതിന് താല്‍പ്പര്യം പ്രകടമാക്കിയിട്ടുണ്ട് . നായര എനര്‍ജി ലിമിറ്റഡ് എന്ന എണ്ണ വിതരണ കമ്പനിയുടെ ഉടമകളാണ് റോസ്നെഫ്റ്റ് . ഗുജറാത്തിലെ വാഡിനര്‍ റിഫൈനറി ഓപ്പറേറ്റ് ചെയ്യുന്നത് ഈ കമ്പനിയാണ്. ഇതിനു പുറമെ രാജ്യത്തെമ്പാടുമായി 5628 പെട്രോള്‍ പമ്പുകളും ഇവര്‍ക്കുണ്ട്. ബി പി സി എല്ലിന് നാലു റിഫൈനറികള്‍ക്ക് പുറമെ 67440 പെട്രോള്‍ പമ്പുകളും ഉണ്ട്.