ഓണ്‍ലൈന്‍ ഭക്ഷണ വിതരണം; രജിസ്റ്റര്‍ ചെയ്യണമെന്ന് എക്സൈസ് വകുപ്പ്

സ്വന്തം ലേഖകന്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖല നടത്തുന്ന സ്ഥാപനങ്ങളെയും ജീവനക്കാരെയും രജിസ്റ്റര്‍ ചെയ്യണമെന്ന് എക്സൈസ് വകുപ്പ്. ഓണ്‍ലൈനില്‍ ഭക്ഷണവിതരണത്തിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിന്‍റെ വിവരങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പിന്‍റെ നടപടി. ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടത്തുന്നവരുടെ വിവരങ്ങള്‍ കമ്പനികള്‍ എക്സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇവര്‍ക്ക് ഭക്ഷണവിതരണ സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കും. പത്തു ദിവസത്തിനകം രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഭക്ഷണവിതരണം നടത്തുന്നവരായതിനാല്‍ പലപ്പോഴും ഇവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. ഇത് ദുരുപയോഗം ചയ്തൊണ് ചിലരുടെ ലഹരിവില്‍പ്പനയെന്നും ഋഷിരാജ് സിങ് പറഞ്ഞു.