സ്വന്തം ലേഖകന്‍
വിനോദസഞ്ചാരികള്‍ക്ക് നദിയോര സംസ്കാരം അനുഭവവേദ്യമാക്കാന്‍ ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ( ബിആര്‍ഡിസി) ഉരുയാത്രയൊരുക്കുന്നു. ഉത്തര മലബാറിലെ 16 നദികളെ ബന്ധപ്പെടുത്തിയുള്ള ഉരുയാത്രയിലൂടെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനുള്ള പദ്ധതിയും ടൂറിസം ആവിഷ്കരിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഉരു ടൂറിസം നടപ്പാക്കുന്നത്.
യക്ഷഗാനം, പാവകളി, കോല്‍ക്കളി, അലാമിക്കളി, ദഫ്മുട്ട് , ഒപ്പന എന്നിവയ്ക്കു പുറമെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ മംഗലംകളി, എരുതുകളി, മാന്‍കളി എന്നിവയും കാണാന്‍ അവസരമൊരുക്കും. കണ്ണൂര്‍, -കാസര്‍കോട് ജില്ലകളിലെ നാട്ടുഭക്ഷണരുചി ആസ്വദിക്കുകയുംചെയ്യാം. കാവുകളും കോട്ടങ്ങളും ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും സന്ദര്‍ശിക്കാം. സാംസ്കാരിക നായകരെ അറിയാനും അവസരമൊരുക്കും. ഉരുവിന്‍റെ ചരിത്രവും നിര്‍മാണവിശേഷവും കഥാരൂപേണയും ചിത്ര വിവരണങ്ങളിലൂടെയും സഞ്ചാരികള്‍ക്ക് നല്‍കും. 50 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഉരുവാണ് സജ്ജമാക്കുന്നത്.

