സ്വന്തം ലേഖകന്‍
2020-21 സാമ്പത്തികവര്‍ഷത്തോടെ വാര്‍ഷികവരുമാനം 50,000 കോടി രൂപയില്‍ എത്തിക്കുമെന്ന് അമൂലിന്‍റെ വാര്‍ഷിക പൊതുയോഗം പ്രഖ്യാപിച്ചു.ദീര്‍ഘകാലാടിസ്ഥാനത്തില്‍ത്തന്നെ ആഗോളവിപണിയിലെ ഏറ്റവും വലിയ ഡെയ്റി ബ്രാന്‍ഡായി മാറുന്നതിനുള്ള വന്‍ പദ്ധതിയാണ് അമൂല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി അമൂലിന്‍റെ പാല്‍ സംസ്കരണശേഷി പ്രതിദിനം 360 ലക്ഷം ലിറ്ററാക്കി ഉയര്‍ത്തിയെന്നും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രതിദിനം 400 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ജിസിഎംഎംഎഫ് മാനേജിങ് ഡയറക്ടര്‍ ആര്‍ എസ് സോധി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 33,150 കോടി രൂപയുടെ വില്‍പ്പനയാണ് ജിസിഎംഎംഎഫ് കൈവരിച്ചത്. ഫെഡറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പ്രതിഫലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 105 ശതമാനത്തിന്‍റെ വര്‍ധന വരുത്തിയതായി കമ്പനി പറയുന്നു. 2.6 ദശലക്ഷത്തിലേറെ വരുന്ന ക്ഷീരകര്‍ഷകരുടെ കൂട്ടുസംരംഭമാണ് ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള ജിസിഎംഎംഎഫ്. നിലവില്‍ ആഗോള ക്ഷീരോല്‍പ്പന്ന വിപണിയില്‍ ഒമ്പതാംസ്ഥാനമാണ് അമൂലിനുള്ളത്.

