സ്വന്തം ലേഖകന്‍
തിരുവിതാംകൂറിന്‍റെ ചരിത്രമുറങ്ങുന്ന താളിയോല ശേഖരമുള്ള തലസ്ഥാനത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സ് പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് നടത്തുന്ന സെന്‍ട്രല്‍ ആര്‍ക്കൈവ്സിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നേരിട്ടെത്തി വിലയിരുത്തി. തിരുവിതാകൂര്‍ രാജഭരണം മുതല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം വരെയുള്ള കാലഘട്ടത്തിന്‍റെ ചൈതന്യമാണ് ഈ ശേഖരത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രദര്‍ശനശാലയെന്നതിലുപരി പുതുതലമുറയ്ക്കായി പഴമയുടെ അനുഭൂതി ഉളവാക്കാനാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജഭരണകാലം മുതല്‍ തടവറയായി ഉപയോഗിച്ചിരുന്ന ചതുഷ്കോണാകൃതിയിലുള്ള കെട്ടിടമാണ് ആര്‍ക്കൈവ്സിനുള്ളത്. കഴിഞ്ഞ വര്‍ഷമാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കേടായ ഉത്തരങ്ങളും കഴുക്കോലും പൂര്‍ണമായും മാറ്റി. മുന്‍പ് ഉപയോഗിച്ചിരുന്ന അതേ തടിയിനം തന്നെ വീണ്ടും സ്ഥാപിച്ചു. ഇളക്കിമാറ്റിയ ഓടുകള്‍ പൂര്‍ണമായും തിരികെ ഇട്ടിട്ടുണ്ട്. ചിതലിനെ പ്രതിരോധിക്കാനായി കശുവണ്ടിയുടെ തോല്‍ ഉരുക്കിയെടുത്ത എണ്ണയാണ് പുരട്ടിയത്. മേല്‍ക്കൂരയിലെ പലകകളും മാറ്റി പുതിയത് സ്ഥാപിച്ചു. കെട്ടിടത്തിന്‍റെ അടിസ്ഥാനത്തിന് ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താനുള്ള ജോലി പുരോഗമിക്കുന്നുണ്ട്. പുതിയ ഇലക്ട്രിക് കേബിളുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ പഴമയുടെ പ്രൗഢിക്ക് കോട്ടം തട്ടാതെ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
15ാം നൂറ്റാണ്ടു മുതലുള്ള തിരുവിതാംകൂറിന്‍റെ ഭരണരേഖകളാണ് ഒരു കോടിയോളം വരുന്ന താളിയോലകളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങളടങ്ങിയ മതിലകം രേഖകള്‍, തുറമുഖത്തിലെ ചുങ്കപ്പിരിവ് സംബന്ധിച്ച തുറമുഖം രേഖകള്‍, തിരുവിതാകൂര്‍ ഹൈക്കോടതി, നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി എന്നിവിടങ്ങളിലെ രേഖകള്‍, ഹജൂര്‍ ഒഴുക് എന്ന പേരിലെ ഭൂരേഖകള്‍ എന്നിവ താളിയോലകളിലും തിരുവിതാകൂര്‍ ഗസറ്റ്, സെറ്റില്‍മെന്‍റ് എന്നിവയുടെ പുസ്തകരൂപത്തിലുള്ള ശേഖരങ്ങളുമാണ് ആര്‍ക്കൈവ്സിലുള്ളത്. ഇതുവരെയും റീസര്‍വേ നടക്കാത്ത പ്രദേശങ്ങളുടെയെല്ലാം ആധാരരേഖകള്‍ ഇവിടെയുണ്ട്. താളിയോലകള്‍ പുല്‍ത്തൈലം പുരട്ടി കേടുവരാതെ സൂക്ഷിക്കുന്നു. അവയുടെ ഡിജിറ്റലൈസേഷനും നടക്കുകയാണ്. അറുപത് ലക്ഷത്തില്‍പരം രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത് ലിപികളില്‍ പ്രാവീണ്യമുള്ളവരുടെ സഹായത്താല്‍ താളിയോലകളിലെ ആശയങ്ങള്‍ മൊഴിമാറ്റം ചെയ്യുന്നുണ്ട്. താളിയോല ഗ്രന്ഥങ്ങളുടേയും കെട്ടിടങ്ങളുടെയും വീണ്ടെടുപ്പിലൂടെ തിരുവിതാംകൂറിന്‍റെ ചരിത്ര പാരമ്പര്യം കൂടിയാണ് തിരികെയെത്തുന്നത്. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. റെജികുമാര്‍, ആര്‍ക്കൈവ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് മന്ത്രിയോട് വിശദീകരിച്ചു.

