കാട് വളര്‍ത്തിയ മനുഷ്യന്‍

രവീന്ദ്രന്‍

ആസാമിലെ മൊലായ് ഗോത്രവര്‍ഗക്കാരനായ യാദവ് പയെങ് എന്ന മനുഷ്യന്‍ ചരിത്രത്തില്‍ ഇടം തേടുന്നത് അദ്ദേത്തിന്‍റെ 36 വര്‍ഷത്തെ കഠിന പ്രയത്നം കൊണ്ടാണ്. തന്‍റെ പതിനാറാം വയസിലാണ് യാദവ്പയെങ് മരങ്ങള്‍ നട്ടു തുടങ്ങിയത്. അകാലത്ത് ബ്രഹ്മപുത്രയുടെ തീരത്തെ പുല്ലു കിളിര്‍ക്കാത്ത മണല്‍ പരപ്പ് ഇന്ന് 1360 ഏക്കര്‍ നീണ്ടു കിടക്കുന്ന കൊടും വനമായി വളര്‍ന്നിരിക്കുന്നു. എതൊരു വന്യ ജീവി സങ്കേതത്തോടും കിടപിടിക്കുന്ന കാട് ഒറ്റക്ക് വെച്ചു പിടിപ്പിച്ചാണ് നിഷ്കളങ്കനായ ഈ മനുഷ്യന്‍ തന്‍റെ സഹജീവികളോട് 'സ്നേഹം പ്രകടിപ്പിച്ചത്.

1979ലാണ് യാദവ്പയെങ്ങിന്‍റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം നടക്കുന്നത്. 'ബ്രഹ്മപുത്രയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു വന്ന നിരവധി പാമ്പുകള്‍ മണല്‍ പരപ്പില്‍ കുടുങ്ങി ചത്തുപോയി. മണല്‍പരപ്പിലെ കൊടും ചൂടാണ് പാമ്പുകള്‍ക്ക് മരണമണിയായത് ? ആവശ്യത്തിന് മരങ്ങളുണ്ടായിരുന്നെങ്കില്‍ പാമ്പുകള്‍ക്ക് ഈ ഗതി വരില്ലായിരുന്നെന്ന് അന്ന് കൗമാരക്കാരനായിരുന്ന യാദവ്പയെങ് ചിന്തിച്ചു. മണല്‍ പരപ്പില്‍ പാമ്പുകള്‍ കൂട്ടത്തോടെ ചത്തു കിടക്കുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച യാദവ് പയെങ് മരങ്ങളുണ്ടായിരുന്നെങ്കില്‍ ഇവയ്ക്ക് ഈ ഗതി വരില്ലായിരുന്നെന്നു കൂടി പറഞ്ഞു. മരങ്ങള്‍ പോയിട്ട് പുല്ല് പോലും ഈ മണലില്‍ കിളിര്‍ക്കിലെന്ന് പറഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല്ല മുളയും ചിലപ്പോള്‍ വളരുമായിരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

അങ്ങിനെ പയെങ് ബ്രഹ്മപുത്രയുടെ തീരത്ത് മുളകള്‍ വെച്ചു തുടങ്ങി. നിരാശയായിരുന്നു ആദ്യത്തെ ശ്രമങ്ങളുടെ ഫലം. എന്നാല്‍ ഉദ്യമം ഉപേക്ഷിക്കാതെ നിരന്തരം പരിശ്രമിച്ച പയെങ്ങിന്‍റെ നിശ്ചയദാര്‍ഡ്യത്തിന്‍റെ മുളകള്‍ക്കു മുന്നില്‍ ആദ്യം മണല്‍ കൂനകള്‍ വഴങ്ങിക്കൊടുത്തു. ഇതിനിടെ 1979ല്‍ തന്നെ പ്രദേശത്തെ 200 ഏക്കറില്‍ വനവല്‍ക്കരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയിലും പയെങ് ജോലിക്കാരനായി പദ്ധതി പൂര്‍ത്തിയാക്കി. എല്ലാവരും പോയിട്ടും പയെംഗ് പരിപാലിച്ചെന്നു മാത്രമല്ല കൂടുതല്‍ പ്രദേശങ്ങളിലേക്കും മരങ്ങള്‍ നട്ടു കൊണ്ടിരുന്നു. വര്‍ക്കളുടെ ശ്രമഫലമായി മരങ്ങളും വളര്‍ന്നുതുടങ്ങി. ഇപ്പോള്‍ 1360 ഏക്കറില്‍ നീണ്ടു കിടക്കുന്ന വനത്തില്‍ കടുവയും കണ്ടാമൃഗവും ആനയും എല്ലാമുണ്ട്.

മരങ്ങള്‍ നട്ടു തുടങ്ങി 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം അതിഥികളായെത്തിയത് ദേശാടന പക്ഷികളും കഴുകരുമായിരുന്നു. വൈകാതെ മുലയലുകളും മാനുകളും എത്തി പിന്നീട് ഭക്ഷണ ജീവികളും എത്തിയതോടെ പയെങ് ഒരു ഹരിത ചരിത്രം രചിക്കുകയായിരുന്നു. മക്കളെ പോലെ കരുതുന്ന സ്വന്തം വനത്തിലെ ജീവികളേയും മരങ്ങളേയും വനംകൊള്ളക്കാരില്‍ നിന്നും സംരക്ഷിക്കുന്ന ചുമതല കൂടി ഇപ്പോള്‍ പയെങിനാണ്.

വന്യമൃഗങ്ങള്‍ ശല്യമാണെന്നും മരങ്ങള്‍ വെട്ടണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് ? ആദ്യം തന്‍റെ ജീവനെടുക്കാനായിരുന്നു പയെങ് പറഞ്ഞത്. മൊലായ് കാട് എന്നറിയപ്പെടുന്ന പയെങ്ങിന്‍റെ സ്വന്തം വനത്തില്‍ ഇപ്പോള്‍ ബംഗാള്‍ കടുവയും കുന്ത്യന്‍ കണ്ടാമൃഗങ്ങളുമുണ്ട്. മുയലുകളുംകുരങ്ങുകളും മാനുകളുമെല്ലാം നൂറുകണക്കിന് വരും വ്യത്യസ്ത ഇനങ്ങളില്‍പെട്ട പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സര്‍വ്വസാധാരണമായിരുന്നു. മുള മാത്രം 300 ഏക്കറിലാണ് പയെങ്ങ് വച്ചുപിടിപ്പിച്ചത്. 1979 ആരംഭിച്ച പയെങ്ങിന്‍റെ ഒറ്റയാള്‍ വനവല്ക്കരണത്തെക്കുറിച്ച് 2008ല്‍ മാത്രമാണ് അസമിലെ വനം വകുപ്പ് അറിയുന്നത് തന്നെ.

സമീപത്തെ ഒരു ഗ്രാമത്തില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ നൂറിലേറെ വരുന്ന ആനക്കൂട്ടം അപ്രത്യക്ഷമായത് തിരക്കിയെത്തിയപ്പോഴാണ് അവര്‍ ഈ പുതിയ വനം കാണുന്നത്. മണല്‍ കാടായിരുന്ന പ്രദേശം കൊടും കാടായി മാറിയത് അത്ഭുതത്തോടെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിക്കണ്ടത്.

സമാനതകളില്ലാത്ത ഈ സേവനത്തിന് 2015ല്‍ രാജ്യം പത്മശ്രീ നല്കി പയെങ്ങിനെ ആദരിച്ചു നിരവധി ഡോക്യുമെന്‍ററി ളാ ണ് കാട് നട്ട ഈ മനുഷ്യനെക്കുറിച്ച് വന്നിട്ടുള്ളത്. ഇതില്‍ 2013ല്‍ വില്യംഡൊ ഗ്ലസ് മക്മാസ്റ്റര്‍ എടുത്ത ഫോറസ്റ്റ്മാന്‍ എന്ന ഡോക്യുമെന്‍ററി രാജ്യന്തര തലത്തില്‍ ശ്രദ്ധേയമായി. 2014ലെ കാന്‍ ഫെസ്റ്ററ്റിവലില്‍ അമേരിക്കയില്‍ നിന്നുള്ള വളര്‍ന്നു വരുന്ന ഡോക്യുമെന്‍റെറി നിര്‍മാതാവിനുള്ള പുരസ്കാരം ഈ ഡോക്യുമെന്‍റെറി സ്വന്തമാക്കി. 2012ലെ ജവര്‍ലാല്‍ നെഹ്രു സര്‍വ്വകശാല ജാവെ ദ് പയാങ്ങിനെ ആദരിച്ചു. അധികമാര്‍ക്കും അറിയാത്ത 52 കാരനായ  പയാങ്ങ് എന്ന മനുഷ്യന്‍ ഗുവാഹത്തിയില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരെയുള്ള ഉള്‍ഗ്രാമത്തില്‍ ഇന്നും മരങ്ങള്‍ നടുകയും സ്വന്തം കാടിനെ പരിപാലിക്കുകയും ചെയ്യുന്നു.