നദീം - ശ്രാവണ്‍: പാട്ടിലെ കൂട്ട്

അബ്ദുല്‍ കലാം

 

സംഗീത സാന്ദ്രമായ തൊണ്ണൂറുകളിലെ ഏറ്റവും ഗൃഹാതുരമായ സംഗീത നാമങ്ങളിലൊന്ന്. കെട്ടകാലത്തിന്‍റെ കൃത്രിമമായ പളപ്പുകളൊന്നും ഇല്ലാത്ത ആ കാലഘട്ടത്തില്‍ ബാല്യവും കൗമാരവും താണ്ടിയവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വിധം ഇഴചേര്‍ത്തിട്ടുണ്ടാവും ഈ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍.

 

മുംബൈ (പഴയ ബോംബെ) സെന്‍ട്രല്‍ സ്വദേശിയാണ് നദീം എന്ന നദീം അക്തര്‍ സൈഫി. പിതാവിന് കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആയിരുന്നു. ചെറുപ്പം തൊട്ടേ നൗഷാദിന്‍റെയും എസ് ഡി ബര്‍മ്മന്‍റെയും ഈണങ്ങളെ ആരാധിച്ചിരുന്ന നദീം, ഒരിക്കല്‍ മാഹിം ദര്‍ഗ്ഗക്കടുത്ത് ഒരു റെസ്റ്റോറന്‍റ്ല്‍, സംഗീത സംവിധായകന്‍ ജയ് കൃഷ്ണന്‍റെ ലൈവ് മ്യൂസിക് പ്രോഗ്രാം കേള്‍ക്കാന്‍ ഇടയായി. അന്നുതൊട്ടാണ് ഒരു സംഗീതസംവിധായകനാകുക എന്നത് ഒരു വലിയ മോഹമായി മനസ്സില്‍ കുടിയേറിയത്. വിവിധ മ്യൂസിക് ഇന്‍സ്റ്റ്മെന്‍റുകള്‍ കൈകാര്യം ചെയ്തിരുന്ന നദീം, കൂട്ടുകാരോടൊപ്പം ചേര്‍ന്നു ചില സംഗീത പരിപാടികളും അക്കാലത്തു അവതരിപ്പിച്ചിരുന്നു.

 

രാജസ്ഥാന്‍കാരനായ ശ്രാവണ്‍ കുമാര്‍ റാത്തോഡിന്‍റെ പിതാവ് ചതുര്‍ഭുജ് റാത്തോര്‍, സകുടുംബം ബോംബെയിലേക്ക് കുടിയേറുകയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്ന പിതാവ് ബോംബയില്‍ ഒരു മ്യൂസിക് ഓര്‍ഗനൈസേഷന്‍ന്‍റെ ഹെഡ് ആയിരുന്നു. ശ്രാവണും സഹോദരന്മാരും (കുമാര്‍ റാത്തോഡും വിനോദ് റാത്തോഡും )പിതാവിന് ശിഷ്യപ്പെട്ടു. പില്‍കാലത്ത് സംഗീത സംവിധായകനായിതീര്‍ന്ന കല്യാണ്‍ജിയും ചതുര്‍ഭുജിന്‍റെ ശിഷ്യനായിരുന്നു. ആരാധന' എന്ന ചലച്ചിത്രം കണ്ടതില്‍പിന്നെയാണ് ശ്രാവണ് ഒരു സംഗീതസംവിധായകനാകണമെന്നു മോഹമുദിച്ചത്.

 

1972 ല്‍ ഒരു സുഹൃത്ത് ശ്രാവണിനെ ഒരു സ്കൂളിലേക്ക് ഒരു സംഗീത പരിപാടിയിലേക്ക് ക്ഷണിക്കുകയുണ്ടായി . സെന്‍റ് അന്നാസ് സ്കൂള്‍. അവിടെ സുഹൃത്ത് ഒരു ഗാനം പാടുന്നുണ്ടായിരുന്നു പോല്‍. ആ ഫങ്ക്ഷനില്‍ വെച്ചാണ് 'കോങ്ങ്' (ഒരു ഡ്രം പോലത്തെ ഉപകരണം എന്നാണ് മനസ്സിലാക്കുന്നത് )വായിച്ചിരുന്ന നദീമിനെ ശ്രാവണ്‍ ആദ്യമായി കാണുന്നത്. അവിടെവെച്ചാണ് ഇന്‍റര്‍വെല്‍ സമയത്ത് സുഹൃത്ത് ഹരീഷ് ബൊപ്പയ്യ ആണ് ഇരുവരെയും ഒന്നിപ്പിക്കുന്നത്. അങ്ങനെയിരിക്കെ 1975 ല്‍ ശ്രാവണിന്‍റെ പിതാവിന്‍റെ സുഹൃത്ത് നിര്‍മ്മിച്ച 'ദംഗല്‍' എന്ന ഭോജ്പുരി ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നതിന് അവസരം ലഭിച്ചു. 1977 ല്‍ റീലിസ് ആയ ഈ ചിത്രത്തില്‍ സാക്ഷാല്‍ മുഹമ്മദ് റാഫിയും പാടിയിട്ടുണ്ട്. തുടര്‍ന്ന് 1982 ല്‍ ' മേനേ ജീനാ സീക്ക്ലിയ' എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കി.

 

സംഗീതലോകത്തെ അതികായര്‍ക്കിടയില്‍ കൂടുതല്‍ അവസരങ്ങളൊന്നും അവരെതേടിയെത്തിയില്ല. പിന്നീട് നടന്‍ മിഥുന്‍ ചക്രവര്‍ത്തി വഴിയാണ് ശ്രീ ഗുല്‍ഷന്‍ കുമാറുമായി ബന്ധപ്പെടുന്നത്. അദ്ദേഹം തന്‍റെ ടി സീരീസിന് വേണ്ടി ഒരു ആല്‍ബം ഇറക്കുന്നുണ്ടായിരുന്നു. ആകെ എട്ടു ഗാനങ്ങള്‍. അതുവരെ കേട്ടിട്ടുള്ളവയില്‍ നിന്നും തികച്ചും വെത്യസ്തമായ ഇതിന്‍റെ ട്രാക്ക് കേട്ട്, മഹേഷ് ഭട്ട് ആണ് ഇത് വെച്ച് ഒരു സിനിമയെടുക്കുന്നതിനെകുറിച്ചു ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹത്തിന്‍റെ തിരക്കഥയിലും സംവിധാനത്തിലുമായി ഹിന്ദിയിലെ എക്കാലത്തെയും ബ്ലോക് ബസ്റ്റര്‍ ഫിലിം ' ആഷിഖി ' 1990 ല്‍ പുറത്തിറങ്ങി. പുതിയ സംഗീതോപകരങ്ങളുടെയും സിംഫണികളുടെയും ഇന്ദ്രജാലത്തില്‍ ബോളിവുഡ് അമ്പരന്നു. ഇരുപത് ദശലക്ഷത്തോളം കസ്റ്ററുകളാണ് വിറ്റഴിഞ്ഞത് . നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടി. പിന്നെ ഏഴുവര്‍ഷക്കാലം നദീം -ശ്രാവണ്‍ യുഗമായിരുന്നു. 'സാജന്‍', 'ഫൂല്‍ ഔര്‍ കാന്ട', 'സഡക്', 'ദില്‍വാലെ', 'ദീവാന', 'ദില്‍ ഹേ കി മാന്‍താ നഹി' തുടങ്ങി നൂറുകണക്കിന് ഹിറ്റുകള്‍.

 

1997 ആഗസ്റ്റില്‍ ല്‍ ഗുല്‍ഷന്‍കുമാര്‍ വെടിയേറ്റ് മരിക്കുന്നതുവരെ ആ ജൈത്രയാത്ര തുടര്‍ന്നു. ഗുല്‍ഷന്‍ കുമാര്‍ വധവുമായി ബന്ധപ്പെട്ട ദുബൈയിലെ ഗൂഢാലോചനയില്‍ നദീമിന് പങ്കുണ്ടെന്നു ആരോപണം ഉണ്ടായിരുന്നു. ഈ സമയം യു കെ യിലായിരുന്ന നദീം ഇന്ത്യയിലേക്ക് തിരിച്ചു വന്നില്ല. നീണ്ടനാളത്തെ വ്യവഹാരങ്ങള്‍ക്കൊടുവില്‍ 2002 ല്‍ ഒരു മുംബൈ കോടതി നദീമിനെ കുറ്റവിമുക്തനാക്കി. ഈ കാലയളവിലും അകാലങ്ങളിലിരുന്നു തന്നെ 'ദഡ്കന്‍', 'റാസ്', ഏക് റിസ്ത ', കസൂര്‍' തുടങ്ങിയവയിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഇവരുടേതായി പുറത്തിറങ്ങി. 2015 ല്‍ 'ദോസ്തി' എന്ന ചിത്രത്തിനു വേണ്ടിയാണ് അവര്‍ അവസാനമായി ഒന്നിച്ചത്.

 

നദീം ദുബൈയില്‍ ബാഗ്, പെര്‍ഫ്യൂം ബിസിനെസ്സ്മായി കഴിയുമ്പോഴും ഇടക്ക് സ്വതന്ത്രമായി സംഗീതരംഗത്തു തുടര്‍ന്നു. ശ്രാവണ്‍ തന്‍റെ മക്കളുടെ സിനിമാ പ്രൊഡക്ഷന്‍ മേഖലയില്‍ കൂടെ ചേര്‍ന്നു പ്രവര്‍ത്തിച്ചു. റാഫി, കിഷോര്‍ കുമാര്‍ (ഇലാക), മന്നാഡെ, അമിത് കുമാര്‍, ലതാജി, അനുരാധാ പൊതുവാള്‍, എസ് പി ബി, കുമാര്‍സാനു, ഉദിത്, അല്‍കാ യാഗ്നിക്, ചിത്ര തുടങ്ങിയ ഇന്ത്യയിലെ എണ്ണപ്പെട്ട ഗായകരെല്ലാം ഇവര്‍ക്ക് കീഴില്‍ പാടി. (എണ്‍പതുകള്‍ അവസാനത്തോടെ ഏതാണ്ട് ബോളിവുഡ് വിട്ട യേശുദാസ് ഈ കൂട്ടുകെട്ടിന് കീഴില്‍ പാടിയിട്ടില്ല എന്നാണ് അനുമാനിക്കുന്നത്).

 

ശങ്കര്‍ -ജയ കൃഷ്ണന്‍, ലക്ഷ്മികാന്ത് -പ്യാരേലാല്‍, കല്യാണ്‍ജി -ആനന്ദ് ജി ജതിന്‍ -ലളിത്.. തുടങ്ങി ഹിന്ദിയില്‍ ഒത്തിരി കൂട്ടുകെട്ടുകള്‍ ഇത് പോലെയുണ്ട്. തെന്നിന്ത്യയില്‍ ശങ്കര്‍- ഗണേഷ്, രാജന്‍ -നാഗേന്ദ്ര എന്നിവര്‍ ഏറ്റവും പേരെടുത്ത കൂട്ടുകെട്ടാണ്. തമിഴില്‍ എം എസ് വി യുടെയും ഇളയരാജയുടെയും എ ആര്‍ റഹ്മാന്‍റേയും ഓരോ കാലഘട്ടത്തിലെ വാഴ്ചകള്‍ക്കിടയില്‍ ഇങ്ങനെ മറ്റൊരു കൂട്ടുകെട്ട് പിറന്നില്ല എന്നാണ് അറിവില്‍. മലയാളത്തില്‍ ബേണി -ഇഗ്നേഷ്യസ് ആണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന ഹിറ്റ് കൂട്ടുകെട്ട്.