സ്വന്തം ലേഖകന്‍
ശങ്കരകുറുപ്പിനോടൊപ്പം സൂര്യകാന്തിയും എം ടിയോടൊപ്പം നിളയും മുകുന്ദനോടൊപ്പം മയ്യഴിയും മാധവിക്കുട്ടിയോടൊപ്പം നീര്‍മാതളവും ഒരുമിച്ചു ചേര്‍ത്തുള്ള ചിത്ര പ്രദര്‍ശനം. കുറുമശ്ശേരിയിലെ വായനാ പക്ഷാചരണ ഉദ്ഘാടന നഗരിയില്‍ ഒരുക്കിയത് ആസ്വാദനത്തിന്‍റെ വ്യത്യസ്തതലം. ഇഷ്ടപ്പെട്ട കഥാകാരന്മാരോടൊപ്പം പ്രിയപ്പെട്ട കഥാപാത്രങ്ങളും എത്തിയപ്പോള്‍ ബേബി മാഷെന്ന റിട്ടയേര്‍ഡ് മലയാളം അധ്യാപകന്‍ വരയുടെ ലോകത്ത് വ്യത്യസ്തനായി. ഇത്തരത്തില്‍ 43 പ്രധാന കഥാകാരന്മാരെയും അവരുടെ കഥാപാത്രങ്ങളെയും പരിചയപ്പെടാനുള്ള അവസരം യുവതലമുറക്ക് വായനാ ദിനത്തില്‍ കൈവന്ന ഭാഗ്യവുമായി.
മുളവുകാട് കൂന്തലക്കാട് സ്വദേശിയാണ് ചിത്രകാരനായ സി.വി. ബേബി. 28 വര്‍ഷം മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും വിരമിച്ചു. ചിത്രകല ശാസ്ത്രീയമായി പഠിക്കാത്ത ചിത്രകാരനാണ് കവിയത്രി വിജയലക്ഷ്മിയുടെയും സംവിധായകന്‍ സിദ്ദിഖിന്‍റെയും സഹപാഠിയായ ബേബി മാഷ്. യുവതലമുറ മാതൃഭാഷയെ മറക്കാതിരിക്കാനാണ് ഇത്തരത്തിലൊരു സംരംഭമെന്ന് ബേബി മാഷ് പറയുന്നു.
ആശാന്‍ മുതല്‍ വിജയലക്ഷ്മി വരെ മാഷിന്‍റെ ബ്രഷില്‍ തെളിഞ്ഞിട്ടുണ്ട്. അക്രലിക് പെയിന്‍റില്‍ പോര്‍ ട്രയിറ്റ് ചിത്രങ്ങളാണ് എല്ലാം. ചിത്രങ്ങള്‍ കഥാകാരന്മാര്‍ നേരിട്ട് കണ്ട് അഭിനന്ദിച്ച അനുഭവങ്ങളും മാഷിനുണ്ട്. ഇതില്‍ മറക്കാനാകാത്തത് ടി. പത്മനാഭന്‍റെ പ്രശംസയാണ്. ഗൗരവ പ്രകൃതക്കാരനും വാഗ്മിയുമായ പത്മനാഭനെ പ്രസംഗപീഠത്തില്‍ നില്‍ക്കുന്നതായാണ് ചിത്രീകരിച്ചത്. അതുപോലെ സാറാ ജോസഫും സാനുമാഷും അഭിനന്ദനം നേരിട്ടറിയിച്ചു. ചിലരുടെ ചിത്രങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അതുപോലെ ഒരാളായിരുന്നു എം.ഗോവിന്ദന്‍. ഒരിടത്തും കിട്ടാനില്ല. ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയത് വ്യക്തമല്ലാത്ത ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം. അതു വച്ച് ഊഹത്തില്‍ ഗോവിന്ദനെ വരച്ചെടുത്തു. ഗോവിന്ദന്‍റെ സഹപാഠിയായ സാനുമാഷ് ചിത്രം കാണാനിടവന്നപ്പോള്‍ പറഞ്ഞു ഇതു തന്നെ ഗോവിന്ദന്‍; സംശയം വേണ്ട.

