കൊറോണ; ചൈനയില്‍ നിന്ന് പാഠങ്ങളുണ്ട്

ജെ.സി. ഫെന്‍സണ്‍

 

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായി കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യ 21 ദിവസത്തെ ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വൈറസ് വ്യാപനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് കരുതുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണായക നീക്കം പ്രശംസനീയമാണ്. ബുധനാഴ്ച വരെ 610 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

ഇന്ത്യ ലോക്ക് ഡൗണിലേക്ക് പോയത് കൃത്യസമയത്താണോ അതോ വൈകിയാണോ എന്നറിയാന്‍ ഏതാനും ദിവസം ഇനിയും കാത്തിരിക്കേണ്ടി വരും. വലുതും ജനങ്ങള്‍ നിറഞ്ഞതുമായ ഇന്ത്യയില്‍ കൊറോണയുടെ വ്യാപനം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുക പ്രയാസമാണ്. വ്യാപകമായ പരിശോധന നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 1.3 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യ കാല്‍ ലക്ഷത്തിനടുത്ത് ടെസ്റ്റുകള്‍ മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളു. ഇത് കൊറോണ വ്യാപനം മനസ്സിലാക്കാന്‍ പര്യാപ്തമല്ല. 52 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണ കൊറിയ 300,000 ടെസ്റ്റുകള്‍ നടത്തിയത് നാം മനസിലാക്കണം.

 

അണുബാധ നിരക്ക് വളരെ വേഗത്തില്‍ കണ്ടെത്തുന്നതില്‍ വിജയിച്ച ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം വലിയ തോതില്‍ പരിശോധന നടത്തിയിട്ടുണ്ട്. കൊറോണ ബാധ കണ്ടെത്താന്‍ പരിശോധനയ്ക്കുള്ള എല്ലാ സഹായവും ചൈന നല്‍കാന്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സ്വീകരിക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറാവണം. ലോക്ക് ഡൗണിനൊപ്പം പരമാവധി ആളുകളെ പരിശോധിക്കുക കൂടി ചെയ്താല്‍ മാത്രമേ കൊറോണയെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളു. ഇതിന് കൃത്യവും സുവ്യക്തവുമായ പദ്ധതി ആവശ്യമാണ്. കൊറോണ ബാധിതരെ മുഴുവന്‍ കണ്ടെത്താതിരിക്കുന്ന പക്ഷം ജനസംഖ്യയും ജനസാന്ദ്രതയും കൂടിയ ഇന്ത്യയില്‍ വൈറസ് വളരെ വേഗത്തില്‍ വ്യാപിക്കും. പിന്നീടത് പിടിച്ചുകെട്ടാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തും.

 

കൊറോണ വൈറസ് നിര്‍ണ്ണയിക്കാന്‍ ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിക്കുന്നതിന് പുറമെ സ്കാനിങ് ഉള്‍പ്പടെയുള്ള മറ്റുമാര്‍ഗങ്ങളും ചൈന ഫലപ്രദമായി പ്രയോഗിച്ചിരുന്നു. ഈ വഴിക്കും നാം ആലോചിക്കണം. താത്ക്കാലിക ആശുപത്രികള്‍, ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ എല്ലാം നേരത്തെ തന്നെ തയ്യാറാക്കി വെക്കാന്‍ കഴിയണം. 10 ദിവസം കൊണ്ട് ഇവ ഒരുക്കി കൊറോണയെ തുരത്തിയ ചൈനയെ ഈ കാര്യത്തില്‍ മാതൃകയാക്കി എടുക്കാവുന്നതാണ്.

 

ഒരു ദീര്‍ഘകാല ലോക്ക് ഡൗണിലേക്ക് പോകുമ്പോള്‍ സാമ്പത്തിക രംഗത്ത് എടുക്കേണ്ട തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ രാജ്യം എടുത്തതായി റിപ്പോര്‍ട്ട് ഇല്ല. ജനസംഖ്യയുടെ മുക്കാല്‍ ശതമാനവും ദിവസക്കൂലിക്കാരും കര്‍ഷകരും ഉള്ള രാജ്യമാണ് ഇന്ത്യ. ഒരാഴ്ചത്തെ ലോക്ക് ഡൗണ്‍ തന്നെ ഇവരെ പട്ടിണിയിലേക്ക് തള്ളിവിടും. ഇത് മാസങ്ങള്‍ തുടരുന്ന പക്ഷം രാജ്യം അരാജകത്വത്തിലേക്ക് വരെ പോയേക്കാം. ലോക്ക് ഡൗണിന് ശേഷം വലിയ സാമ്പത്തിക സാമൂഹിക ചെലവുകള്‍ രാജ്യത്തിന് വഹിക്കേണ്ടി വരും. ഇത് കണ്ടറിഞ്ഞു ദീര്‍ഘകാല പദ്ധതികള്‍ സാമ്പത്തിക രംഗത്ത് രാജ്യം ഇപ്പോള്‍ ചെയ്യേണ്ടതുണ്ട്. പൊതു സ്വകാര്യ മേഖലകളെ കൂട്ടിയിണക്കിയാണ് ചൈന കൊറോണ കാലം അതിജീവിക്കുന്നത് . അയല്‍ക്കാരില്‍ നിന്ന് ഇതും നമുക്ക് കണ്ടുപഠിക്കാവുന്നതാണ്.