കൊച്ചി വികസനക്കുതിപ്പിന്‍റെ ടോപ് ഗിയറിലേക്ക്

സ്വന്തം ലേഖകന്‍

 

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്ന നഗരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു നമ്മുടെ കൊച്ചി. വികസന പ്രക്രിയയ്ക്കു ഇവിടെ ദിവസം തോറും പുതുമുകുളങ്ങള്‍ വിരിഞ്ഞു കൊണ്ടിരിക്കുന്നു. ചെറുകിട - ഇടത്തരം - വന്‍കിട സംരംഭങ്ങള്‍ മുതല്‍ പരസഹസ്രകോടികളുടെ പടുകൂറ്റന്‍ പ്രോജക്ടുകള്‍ വരെ ദ്രുതഗതിയില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്ന കൊച്ചി, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായി മാറുന്ന കാലം അധികം ദൂരത്തല്ല. ഇന്ത്യയില്‍ ഏറ്റവും വേഗം പുരോഗമിക്കുന്ന നഗരം കൊച്ചിയാണെന്ന് ഏഷ്യന്‍ വികസന ബാങ്കിനു വേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ പഠനം സാക്ഷ്യപ്പെടുത്തുന്നു. സ്മാര്‍ട്ട്സിറ്റികളായി വികസിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ ഒന്നാമനായി കൊച്ചി മാറുന്നത് വിവിധ മേഖലകളില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെ അടിസ്ഥാനത്തിലാണ്. യാത്രാ സൗകര്യങ്ങള്‍, ജലലഭ്യത, കുടിവെള്ളവിതരണശൃംഖല, ഇന്‍റര്‍നെറ്റ്,തെരുവുവിളക്കുകള്‍, ബാങ്കുകളുടെ ലഭ്യത, ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍, സിനിമാതിയേറ്ററുകള്‍, ലൈബ്രറികള്‍, കമ്യൂണിറ്റിഹാളുകള്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍, പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളുടെ എണ്ണം, പ്രൊഫഷണല്‍ സ്ഥാപനങ്ങളുള്‍പ്പെടെ കോളേജുകളുടെ എണ്ണം, ശൗചാലയ, കുളിമുറി സൗകര്യങ്ങള്‍, ശുദ്ധജല ലഭ്യത തുടങ്ങിയ അടിസ്ഥാന തലത്തിലുള്ള സൗകര്യങ്ങള്‍ കൊച്ചിയില്‍ വളരെ വേഗത്തിലാണ് വികസിക്കുന്നത്. ഈ സൗകര്യങ്ങളെല്ലാം കൊച്ചിയുടെ വ്യവസായ വികസനത്തിനും അടിത്തറയൊരുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.

 

കൊച്ചി മെട്രോ റെയില്‍ എറണാകുളത്ത് നിന്ന് സമീപ നഗരങ്ങളിലേക്ക കൂടി വ്യാപിക്കുകയും വാട്ടര്‍ മെട്രോ പദ്ധതി പ്രാവര്‍ത്തികമാകുകയും ചെയ്യുന്നതോടെ കൊച്ചിയുടെ യാത്രാ സൗകര്യങ്ങള്‍ക്ക് പുതിയ മാനം കൈവരാന്‍ പോകുകയാണ്. തൃപ്പൂണിത്തുറ, കാക്കനാട്, നെടുമ്പാശേരി പശ്ചിമ കൊച്ചി എന്നീ മേഖലകളിലേക്ക് കൊച്ചി മെട്രോ റെയില്‍ ഘട്ടം ഘട്ടമായി എത്തിച്ചേരും. കൊച്ചി മെട്രോയുടെ ഭാഗമായുള്ള വാട്ടര്‍ മെട്രോ ഈ വര്‍ഷാവസാനം സര്‍വീസ് ആരംഭിക്കുകയാണ്. 38 ജെട്ടികള്‍ ഉള്‍പ്പെടെ 76 കിലോമീറ്ററില്‍ പരന്നുകിടക്കുന്ന പദ്ധതിയായാണ് 2020 അവസാനത്തോടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ജലമെട്രോ. ഇതില്‍ 19 ബോട്ട് ജെട്ടികള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് പ്രവര്‍ത്തന സജ്ജമാകുന്നത്. 750 കോടിയാണ് പദ്ധതിയുടെ ചെലവ്. വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനം പൂര്‍ണമായും വൈദ്യുതിയിലായിരിക്കും. ഘട്ടംഘട്ടമായി അവയുടെ പ്രവര്‍ത്തനം സോളാറിലേക്ക് മാറ്റും. പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനമാക്കി വാട്ടര്‍ മെട്രോ മാറും. ആകെ 16 റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. വേമ്പനാട് കായല്‍, കൈതപ്പുഴ കായല്‍, കടമ്പ്രയാര്‍ തുടങ്ങിയവയിലൂടെ കടന്നുപോകുന്ന വാട്ടര്‍മെട്രോ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളെയും പ്രധാന നഗരഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കും. സ്മാര്‍ട്ട്സിറ്റി ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെ കടന്നുപോകുന്ന വാട്ടര്‍ മെട്രോ കൊച്ചിയ്ക്ക് വാണിജ്യപരമായും ഉണര്‍വ്വ് നല്‍കും. മട്ടാഞ്ചേരിയും ഫോര്‍ട്ട്കൊച്ചിയും മുസിരിസ് പൈതൃക മേഖലയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ടൂറസത്തിനും ഗുണകരമാകും.

 

കേരളത്തില്‍ വികസനത്തിന്‍റെ ഒരു പുത്തന്‍ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്നതാണ് കോയമ്പത്തൂര്‍-കൊച്ചി ഇടനാഴി. പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും, കേരളത്തിന്‍റെ വ്യവസായ വികസനത്തിന് പലവിധത്തില്‍ സഹായമാവുകയും ഈ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ഇന്ത്യയുടെ വാണിജ്യ ഭൂപടത്തില്‍ കൊച്ചി തന്ത്രപ്രധാന സ്ഥാനം നേടും. രണ്ടായിരത്തിലധികം കോടി രൂപ ചെലവിട്ട് ഒരുക്കുന്ന വ്യവസായ ഇടനാഴിയിക്കായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്ന 1800 ഏക്കര്‍ സ്ഥലം വ്യവസായങ്ങള്‍ക്ക് അനുയോജ്യമായവിധം കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കും. കോയമ്പത്തൂര്‍ മുതല്‍ കൊച്ചി തുറമുഖം, വിമാനത്താവളം എന്നിവ വരെയുള്ള ഗതാഗത സൗകര്യം മെച്ചപ്പെടും. കൊച്ചി തുറമുഖത്തിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും വാണിജ്യാടിസ്ഥാനത്തില്‍ ഇത് വന്‍നേട്ടമാകും.പദ്ധതിക്ക് 2000 കോടിയുടെ മൂലധനമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. ആദ്യഘട്ടമായി 870 കോടിരൂപ അനുവദിക്കും. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതിന്‍റെ ചെലവുമാത്രമാണ് സംസ്ഥാന സര്‍ക്കാരിന് വരുന്നത്.

 

കൊച്ചിക്കടുത്ത് അമ്പലമേടിലെ ഫാക്ട് ഭൂമിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് വ്യവസായകേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ ശേഷിയുള്ളതാണ്. 1200 കോടി രൂപ ചെലവില്‍ 481.79 ഏക്കറില്‍ സ്ഥാപിക്കുന്ന പാര്‍ക്ക് 2022ല്‍ പാര്‍ക്ക് പൂര്‍ണസജ്ജമാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. കിഫ്ബിയാണ് പദ്ധതിയ്ക്കുള്ള പണം നല്‍കുന്നത്. വമ്പന്‍ നിക്ഷേപവും തൊഴിലവസരവുമാണ് പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരിക. നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന രാസ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ചെറുകിട, ഇടത്തരം വന്‍കിട വ്യവസായസംരംഭങ്ങളായിരിക്കും പാര്‍ക്കില്‍ ഉണ്ടാകുക. പാസ്റ്റിസൈസറുകള്‍, പെയിന്‍റുകള്‍, മരുന്നുകള്‍, പേപ്പര്‍ പ്രിന്‍റിങ് രാസവസ്തുക്കള്‍, പൗഡര്‍ കോട്ടിങ് ഉല്‍പ്പന്നങ്ങള്‍, തുകല്‍ -തുണിത്തര ഫിനിഷിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാകും പ്രധാനമായും ഉണ്ടാക്കുക. വാഹന - -കെട്ടിട നിര്‍മാണ,- തുണി നിര്‍മാണ, മരുന്നുല്‍പ്പന്ന വ്യവസായരംഗത്ത് രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റുന്നതാകും സംരംഭങ്ങള്‍. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ അനുബന്ധ വ്യവസായങ്ങളെ ഇതുമായി ബന്ധപ്പെടുത്തും. ബിപിസിഎല്ലിന്‍റെ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളും ഇവിടെ നിര്‍മിക്കാനാകും.

 

5246 കോടി രൂപ ചെലവില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി നടപ്പാക്കുന്ന പ്രൊപിലിന്‍ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കല്‍ പ്രൊജക്ടി (പിഡിപിപി )ന്‍റെ കമീഷനിങ് അടുത്തിടെ കഴിഞ്ഞതോടെ വന്‍ തുക മുടക്കി ഇറക്കുമതി ചെയ്യുന്ന നിഷ്പെട്രോകെമിക്കലുകള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയായി കൊച്ചി റിഫൈനറി മാറും. അക്രിലൈറ്റ്സ്, അക്രിലിക് ആസിഡ്, ഓക്സോ ആല്‍ക്കഹോള്‍ തുടങ്ങിയ കെമിക്കലുകളാണ് ഉല്‍പ്പാദിപ്പിക്കുക. പെയിന്‍റ്, പശ, സോള്‍വെന്‍റുകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ നിര്‍ണായക പങ്കുള്ളവയാണിവ. ആദ്യ ഉല്‍പ്പന്നമായ അക്രിലിക് ആസിഡ് ഉല്‍പ്പാദനം ഡിസംബറില്‍ ആരംഭിക്കും. അക്രിലൈറ്റ് ഉല്‍പ്പാദനം 2020 മാര്‍ച്ചിലും. അക്രിലിക് ആസിഡ് യൂണിറ്റ് ലോകത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തേതുമാണ്. പ്രതിവര്‍ഷം 160 കിലോ ടണ്‍ (കെടിപിഎ) ആയിരിക്കും ഇതിന്‍റെ ശേഷി. 212 കെടിപിഎ ശേഷിയുള്ള ഓക്സോ ആല്‍ക്കഹോള്‍ യൂണിറ്റ് ഇന്ത്യയിലെ ഏറ്റവും വലുതും രണ്ടാമത്തേതുമാണ്. 190 കെടിപിഎ ശേഷിയുള്ള അക്രിലൈറ്റ്സ് യൂണിറ്റ് ഇന്ത്യയിലെ ആദ്യത്തേതാണ്.

 

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അത്യാധുനിക ഡ്രൈ ഡോക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആഗോള ഷിപ്പിംഗ് വ്യവസായത്തിന്‍റെ കേന്ദ്ര ബിന്ദുവായി കൊച്ചി ഉയരാന്‍ പോകുകയാണ്. ഡ്രൈ ഡോക്കിന്‍റെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി 2000 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയെ ഏഷ്യയിലെ പ്രധാന മാരിടൈം ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. 1799 കോടി ചെലവില്‍ പൂര്‍ത്തിയാകുന്ന ഡ്രൈ ഡോക്ക് വിമാന വാഹിനി കപ്പലുകളും എല്‍എന്‍ജി കാരിയറുകളും നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ്. ഒരേ സമയം വലിയ കപ്പലുകളും ചെറു നൗകകളും നിര്‍മ്മിക്കാന്‍ കഴിയുന്ന ഡോക്കിന് 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമുണ്ട്. ഓള്‍ഡ് തേവര റോഡില്‍ കപ്പല്‍ശാലയുടെ 30 ഏക്കറിലാണ് ഡോക് വരുന്നത്. മേക്ക് ഇന്‍ ഇന്ത്യ സാഗര്‍മാല പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഡോക്കിന്‍റെ നിര്‍മാണം. ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എല്‍എന്‍ജി കാരിയറുകള്‍, ഡ്രില്‍ ഷിപ്പുകള്‍, വിമാനവാഹിനി കപ്പലുകള്‍, ഗവേഷണയാനങ്ങള്‍, ജാക് അപ് റിഗ്ഗുകള്‍ എന്നിവ നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിയും. ആഗോള കപ്പല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ സംഭാവന രണ്ട് ശതമാനമായി വര്‍ധിക്കുകയും 2000 ത്തലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

 

എറണാകുളം മുളന്തുരുത്തിയില്‍ സ്ഥാപിക്കുന്ന ആമ്പല്ലൂര്‍ ഇലക്ട്രോണിക്-ഹാര്‍ഡ്വേര്‍ പാര്‍ക്ക് പദ്ധതിയാണ് കൊച്ചി കാത്തിരിക്കുന്ന മറ്റൊരു വന്‍കിട സംരംഭം. 100 ഏക്കറിലാണ് ഇലക്ട്രോണിക് പാര്‍ക്ക് നിര്‍മിക്കുന്നത്. 1000 കോടിയുടെ വ്യവസായനിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. 5000 പേര്‍ക്ക് നേരിട്ട് തൊഴില്‍ലഭിക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ മൊബൈല്‍ ഉപകരണങ്ങള്‍, പവര്‍ ഇലക്ട്രോണിക്സുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സുകള്‍, ഐ ടി സിസ്റ്റംസും ഹാര്‍ഡ് വെയറുകളും ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഉല്‍പാദനകേന്ദ്രമായി കൊച്ചി മാറും. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നടക്കുന്നതേയുള്ളൂ.

 

കൊച്ചി ലോകത്തെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ്. ടൂറിസം മേഖലയിലും വലിയ കുതിപ്പിലൂടെയാണ് കൊച്ചി കടന്നു പോകുന്നത്. സ്പൈസ് റൂട്ട് ടൂറിസം പദ്ധതിയുടെ കേന്ദ്രബിന്ദു കൊച്ചിയാണ്. മണ്‍മറഞ്ഞു പോയ കേരളത്തിലേക്കുള്ള ചരിത്രപാത സ്പൈസ് റൂട്ട് (സുഗന്ധവ്യഞ്ജനപാത) വീണ്ടും യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം മേഖലയുടെ ചക്രവാളങ്ങള്‍ കൂടുതല്‍ വികസിക്കും. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരസാംസ്കാരിക വിനിമയത്തിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാത പുനരുദ്ധരിക്കുന്നതിനുള്ള നടപടികളില്‍ ഐക്യരാഷ്ട്ര സഭയുമുണ്ട്. മുസിരിസ് പൈതൃക പദ്ധതിയുടെ തുടര്‍ച്ചയായ സ്പൈസ് റൂട്ടിന് ഡച്ച് എംബസിയും സഹായ സഹകരണങ്ങള്‍ നല്‍കുന്നുണ്ട്. സാമ്പത്തികവും സാംസ്കാരികവുമായ വിനിമയമാണ് സ്പൈസ് റൂട്ടിലൂടെ നടക്കുക്. അതിന്‍റെ ഏറ്റവും ശക്തമായ ആവിഷ്കാരമാണ് കൊച്ചി മുസിരിസ് ബിനാലെ എന്ന കലാപ്രദര്‍ശന മാമാങ്കം.
ചൈനയുമായി ടൂറിസം മേഖലയില്‍ സഹകരണത്തിന്‍റെ പുതിയ അധ്യായം കുറിക്കാനും കൊച്ചി ഒരുങ്ങുകയാണ്. ചൈനീസ് അംബാസഡര്‍ ലി യു ചെങ് അടുത്തിടെ കൊച്ചിയില്‍വന്നത് ഇതിന്‍റെ ഭാഗമാണ്. ഇന്ത്യന്‍ വിനോദ സഞ്ചാരം വികസിപ്പിക്കാന്‍ ചൈനയിലും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി കേരളത്തിലേയ്ക്ക് ചൈനീസ് സഞ്ചാരികളെ എത്തിക്കാന്‍ ധാരണയുമുണ്ടാക്കിയിട്ടുണ്ട്. ചൈന-കൊച്ചി ബന്ധത്തിന് ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. ചെങ്ങിന്‍റെ സന്ദര്‍ശനത്തോടെ ഇനി കൊച്ചിയും ചൈനയുടെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കും. കൊച്ചിയിലെ ആശുപത്രികള്‍ ലോകോത്തര നിലവാരത്തില്‍ വികസിച്ചതോടെ മെഡിക്കല്‍ ടൂറിസം മേഖലയിലും കൊച്ചി കുതിക്കുകയാണ്. കേരളത്തിന്‍റെ നനത് ചികിത്സാ രീതികള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്.

 

മംഗളൂരു പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതി(ഗെയില്‍) അന്തിമ ഘട്ടത്തിലാണ്. കേരളത്തിലും കര്‍ണാടകയിലുമായി ആകെയുള്ള 443 കിലോ മീറ്ററില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് പൈപ്പിടാന്‍ ബാക്കിയുള്ളത്. ചാലിയാര്‍, കുറ്റ്യാടി, ഇരവഞ്ഞി, ചന്ദ്രഗിരി, മംഗളൂരുവിലുള്ള നേത്രാവതി പുഴകള്‍ മുറിച്ചുള്ള പണി നടക്കുന്നു. പദ്ധതി ഡിസംബറോടെ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് ഘട്ടംഘട്ടമായി കമീഷന്‍ ചെയ്യും. കേരളത്തിലും കര്‍ണാടകയിലുമായി പ്രകൃതിവാതകം കുറഞ്ഞ ചെലവില്‍ വീടുകളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം. ഇതില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രകൃതിവാതക വിതരണം ആരംഭിച്ചു. പദ്ധതി പൂര്‍ത്തിയായാല്‍ പൈപ്പ് ലൈന്‍ ഇല്ലാതെ വയനാടിനും കുറഞ്ഞ ചെലവില്‍ പാചകവാതകം ലഭിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചി പുതുവൈപ്പിലെ ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനല്‍ രാജ്യാന്തര പ്രകൃതി വാതക നീക്കത്തില്‍ പ്രമുഖ സ്ഥാനം നേടും. പൈപ്പ് ലൈന്‍ ശൃംഖല പൂര്‍ത്തിയാകാത്തതിനാല്‍ നിലവില്‍ സംഭരണ ശേഷിയുടെ വളരെ ചെറിയ ശതമാനം മാത്രം പ്രകൃതി വാതകമാണ് പുതുവൈപ്പ് ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്നത്. പ്രവര്‍ത്തന നഷ്ടം ഒഴിവാക്കാനായി ഒഴിഞ്ഞു കിടക്കുന്ന സംഭരണികള്‍ വിദേശ കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. പൈപ്പ് ലൈന്‍ ശൃംഖല പൂര്‍ത്തിയാകുന്നതോടെ ദ്രവീകൃത പ്രകൃതി വാതകവുമായി ഇന്ധനക്കപ്പലുകള്‍ കൊച്ചി തുറമുഖത്ത് ക്യൂ നില്‍ക്കും.

 

3200 കോടി ചെലവില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനലായ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനലും അതിലേക്ക് കണ്ടെയ്നറുകള്‍ എത്തിക്കുന്നതിനായി ഇവിടേക്ക് 364 കോടി രൂപ ചെലവില്‍ നിര്‍മിച്ച റെയില്‍പാതയും 872 കോടി ചെലവില്‍ നിര്‍മിച്ച ദേശീയ പാതയും ഇപ്പോഴും അതിന്‍റെ ശേഷിയുടെ ചെറിയ ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. വേണ്ടത്ര ചരക്ക് കണ്ടെയ്നറുകള്‍ വല്ലാര്‍പാടത്തേക്ക് എത്താത്തതാണ് സ്വപ്ന പദ്ധതിക്ക് തിരിച്ചടിയായത്. ഇടപ്പള്ളി മുതല്‍ വല്ലാര്‍പാടം വരെ നിര്‍മിച്ചിട്ടുള്ള റെയില്‍ പാലം ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വെ ബ്രിഡ്ജാണ്. ഈ സാധ്യതകളൊക്കെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് വമ്പന്‍ വ്യവസായ വികസന പദ്ധതികള്‍ ഒന്നിന് പുറകെ ഒന്നായി വരുന്നത്.

 

കൊച്ചിയുടെ വികസനക്കുതിപ്പിനെക്കുറിച്ച് പറയുമ്പോള്‍ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നല്‍കുന്ന സംഭാവനകള്‍ എടുത്തു തന്നെ പറയേണ്ടിയിരിക്കുന്നു. ഇടപ്പള്ളി ലുലു മാള്‍ കൊച്ചിയുടെ ഉപഭോഗ സംസ്കാരത്തെ തന്നെ മാറ്റിമറിച്ചു. ഷോപ്പിംഗ് എന്നാല്‍ ലുലു മാളാണ് കൊച്ചിയുടെ അവസാന വാക്ക്. ഏഷ്യയിലെ തന്നെ വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളിലൊന്നായ ബോള്‍ഗാട്ടിയിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്വകാര്യ സംരംഭങ്ങളോടുള്ള കേരളത്തിന്‍റെ പരമ്പരാഗതമായ പിന്തിരിപ്പന്‍ സമീപനത്തിന്‍റെ അടിവേരറുത്തുകൊണ്ടാണ് എം എ യൂസഫലി യാഥാര്‍ഥ്യമാക്കിയത്. കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതി .യാഥാര്‍ഥ്യമാക്കുന്നതില്‍ യൂസഫലി വഹിച്ച പങ്ക് കൊച്ചിയുടെ വികസന ചരിത്രത്തിന്‍റെ തന്നെ ഭാഗമാണ്. ലുലു ഗ്രൂപ്പിന്‍റെ സൈബര്‍ സിറ്റിയും ഇതിനോട് ചേര്‍ന്ന പ്രവര്‍ത്തനം വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. കൊച്ചി വലിയൊരു കുതിച്ചു ചാട്ടത്തിന്‍റെ ആദ്യചുവടുകള്‍ വെച്ചു കഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് കാണുന്ന കൊച്ചിയില്‍ മുംബൈയെ കടത്തിവെട്ടുന്ന ഒരു പുതിയൊരു കൊച്ചിയായിരിക്കും വളര്‍ന്നു വന്നിട്ടുണ്ടാകുക. കൊച്ചി തീരത്തെ ഇന്ധനനിക്ഷേപത്തിനായുള്ള പര്യവേഷണങ്ങള്‍ കൂടി ഫലം കണ്ടാല്‍ ഊഹാതീതമായിരിക്കും കൊച്ചിയുടെ പരിണാമം.