ബ്രാന്‍ഡ് മൂല്യത്തിലും കുതിക്കാന്‍ പി.വി. സിന്ധു

സ്വന്തം ലേഖകന്‍

ലോക ബാഡ്മിന്‍റണ്‍ ജേതാവ് പി.വി. സിന്ധു ബ്രാന്‍ഡ് മൂല്യത്തിലും വമ്പന്‍ ഉയര്‍ച്ചയിലേക്ക്. സിന്ധു പരസ്യങ്ങളില്‍ നിന്ന് നേടുന്ന വരുമാനത്തില്‍ 25 ശതമാനത്തിനുമേല്‍ വളര്‍ച്ചയുണ്ടാകുമെന്ന് ക്വന്‍ സ്പോര്‍ട്സ് ചീഫ് എക്സിക്യൂട്ടീവ് ഇന്ദ്രാണില്‍ ദാസ് സൂചിപ്പിക്കുന്നു. ഒളിമ്പിക്സില്‍ കൂടി വിജയം കൈവരിക്കാന്‍ സാധിച്ചാല്‍ രാജ്യാന്തര ബ്രാന്‍ഡുകള്‍ സിന്ധുവിനെ തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫോബ്സ് മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിത സ്പോര്‍ട്സ് താരങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണ് സിന്ധു. മൊത്തം 35 കോടി രൂപയാണ് പരസ്യരംഗത്ത് നിന്നുള്ള വരുമാനം.

 

2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. ബ്രാന്‍ഡ് ഫീ ആയി സിന്ധു ഇപ്പോള്‍ വാങ്ങുന്നത് ഒന്ന് മുതല്‍ 1 .5 കോടി രൂപ വരെയാണ്. ഇത് മൂന്ന് കോടി രൂപയായി ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് സിന്ധുവിന് വേണ്ടി പരസ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബേസ് ലൈന്‍ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ തുഹിന്‍ മിശ്ര പറയുന്നത്. 14 പ്രമുഖ കമ്പനികളാണ് നിലവില്‍ സിന്ധുവിനെ പരസ്യ മോഡലായി സ്വീകരിച്ചിരിക്കുന്നത്.

 

യോനക്സ്, ജെ ബി എല്‍, ബ്രിഡ്ജ്സ്റ്റോണ്‍, മൂവ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ കമ്പനികള്‍ ഇതില്‍ പെടും . ഫെബ്രുവരിയില്‍ ചൈനയിലെ പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡായ ലി നിംഗുമായി സിന്ധു കരാര്‍ ഒപ്പുച്ചിരുന്നു. 50 കോടി രൂപയാണ് പ്രതിഫലം. ബ്രാന്‍ഡ് മൂല്യത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് താരങ്ങളില്‍ നാലാം സ്ഥാനത്താണ് സിന്ധു. 200 കോടി രൂപ ബ്രാന്‍ഡ് മൂല്യമുള്ള വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. 100 കോടിയുമായി എം എസ് ധോണി രണ്ടാം സ്ഥാനത്തും 40 കോടിയുമായി സച്ചിന്‍ മൂന്നാം സ്ഥാനത്തുമാണ്.