നീരജ് പ്രഭു
ഇന്ത്യന്‍ വശംജരായ കളിക്കാരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ ദേശീയ ഫുട്ബാള്‍ ടീം ഏറെ വൈകാതെ ഏഷ്യയിലെ മികച്ച എട്ടു ടീമുകളില്‍ ഒന്നായി മാറുമെന്ന് പരിശീലകന്‍ ഇഗര്‍ സ്റ്റിമാച്ച്. 'യാന്‍ ധണ്ട ( സ്വാന്‍സീ സിറ്റി), നീല്‍ ടൈലര്‍ (ആസ്റ്റന്‍വില്ല ) തുടങ്ങി ഒട്ടനവധി ഇന്ത്യന്‍ വംശജരായ കളിക്കാര്‍ യൂറോപ്പില്‍ മികച്ച നിലവാരത്തില്‍ കളിക്കുന്നുണ്ട്. ഇന്ത്യന്‍ കായിക രംഗം വളര്‍ച്ച നേടാന്‍ സര്‍ക്കാര്‍ പൗരത്വ നിയമം ലഘൂകരിക്കണം. ലോകത്തെ എല്ലാ രാജ്യങ്ങളും സ്വന്തം വംശജരായ കളിക്കാരെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പിന്നെ ഇന്ത്യ മാത്രം എന്തിന് മാറിനില്‍ക്കണം ?. ഇന്ത്യന്‍ വംശജരെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ സമീപ ഭാവിയില്‍ തന്നെ ഇന്ത്യന്‍ ടീമിന് 50 ശതമാനത്തിന് മുകളില്‍ വളര്‍ച്ച നേടാന്‍ കഴിയും. ഇത് ഇന്ത്യയെ ഏഷ്യയിലെ മികച്ച എട്ടു ടീമുകളില്‍ ഒന്നാക്കി മാറ്റുകയും, ലോകകപ്പ് സ്വപ്നം എളുപ്പമാക്കുകയും ചെയ്യും'. ഗോവയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനിടെ സ്റ്റിമാച്ച് പറഞ്ഞു.
ഇന്ത്യന്‍ വംശജരായ ആറോ ഏഴോ മികച്ച കളിക്കാരെയും ഒപ്പം രാജ്യത്തു നിന്നുള്ള ഏറ്റവും മികച്ചവരെയും ഉള്‍പ്പെടുത്തിയാല്‍ ആരുമായും എതിരിടാന്‍ ഇന്ത്യക്ക് കഴിയും. ഇത് ടീമില്‍ അവസരം നേടാന്‍ കളിക്കാര്‍ക്കിടയില്‍ മത്സരം വളര്‍ത്തുകയും, മികവ് വര്‍ധിപ്പിക്കുകയും ചെയ്യും. ഐ.എസ്.എല്‍. തുടങ്ങുന്നതോടെ എല്ലാ ടീമുകളുടെയും വേദികളില്‍ എത്തുമെന്നും, മികച്ച യുവതാരങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും - അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിന് ഗുവാഹത്തിയിലാണ് 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. ഒമാനാണ് എതിരാളികള്‍. ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളുമായും ഇന്ത്യക്ക് മത്സരമുണ്ട്.

