കോവിഡ്: ഫുട്ബാള്‍ താരം സക്കീര്‍ വീട് വിട്ടുനല്‍കി

സ്വന്തം ലേഖകന്‍

 

ഐഎസ്എല്‍ ഫുട്ബോള്‍ താരം എം പി സക്കീര്‍ കോവിഡ് പ്രതിരോധത്തിനായി സ്വന്തം വീട് വിട്ടുനല്‍കി. നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും താമസിക്കാനാണ് വീട് വിട്ടുനല്‍കിയിരിക്കുന്നത്. എഫ്ബിവഴിയാണ് സക്കീര്‍ ഇക്കാര്യം അറിയിച്ചത്. അരീക്കോട് പത്തനാപുരം പാലത്തിനുസമീപമുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീടാണ് സക്കീര്‍ വിട്ടുനല്‍കിയത്.

 

ഭാര്യ ഫാസീലയുടെയും പൂര്‍ണസമ്മതത്തോടുകൂടിയാണ് വീട് നല്‍കുന്നത്. ഭാര്യക്കും മകള്‍ മറിയത്തിനുമൊപ്പം ഭാര്യാ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സക്കീര്‍. നിരീക്ഷണത്തിലുള്ളവരെ ദൂരംകൊണ്ട് അകറ്റി നിര്‍ത്തുന്നതിന് പകരം മാനസികമായി അകറ്റി നിര്‍ത്തരുതെന്ന് സക്കീര്‍ പറയുന്നു. മിഡ് ഫീഡറായിരുന്ന സക്കീര്‍ കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ചെന്നൈ എഫ്സി എന്നീ ടീമുകളിലാണ് കളിച്ചത്. 2017ല്‍ ചെന്നൈയില്‍ എഫ്സി ചാമ്പ്യന്‍മാരായപ്പോള്‍ ടീം അംഗമായിരുന്നു സക്കീര്‍.