സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വിയുമായി ഹ്യുണ്ടായ്

സ്വന്തം ലേഖകന്‍

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി.യുമായി ഹ്യുണ്ടായ്. ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്ന പേരിലുള്ള ഈ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തിന് 25.30 ലക്ഷം രൂപ മുതലാണ് വില. ഇലക്ട്രിക് സണ്‍ റൂഫ്, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, ഡ്രൈവറുടെ വശത്തേക്ക് മാത്രമായി സെറ്റ് ചെയ്യാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ ഒരു മോഡേണ്‍ കോംപാക്ട് എസ്.യു.വിക്കാവശ്യമായ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

 

ഇന്ത്യയില്‍ ലഭ്യമാവുന്ന 39.2 കിലോവാട്ട് ശേഷിയുള്ള ലിഥിയം -- അയണ്‍ പോളിമര്‍ ബാറ്ററിയാണ് കോനയുടെ ശക്തികേന്ദ്രം. ഫുള്‍ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം താണ്ടാം. കോനയുടെ മോട്ടോര്‍ 136 പിഎസ് പരമാവധി പവറും 395 എന്‍എം ഉയര്‍ന്ന ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മോട്ടോറിന് ശബ്ദം തീരെ കുറവായതിനാല്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി വെര്‍ച്വല്‍ എന്‍ജിന്‍ സൗണ്ട് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ബാറ്ററി ക്വിക് ഡിസി ചാര്‍ജിങ്ങില്‍ ഏകദേശം 57 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജാവും. എസി ചാര്‍ജിങ്ങില്‍ പൂര്‍ണമായി ചാര്‍ജാവാന്‍ ആറ് മണിക്കൂര്‍ 10 മിനിറ്റും പോര്‍ട്ടബിള്‍ ചാര്‍ജറില്‍ 19 മണിക്കൂറും വേണം. തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാക്കാനായി ഇന്ത്യന്‍ ഓയിലുമായി സഹകരിച്ച് ഹ്യുണ്ടായ് സൗകര്യം വികസിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുത്ത നഗരങ്ങളില്‍ അടിയന്തര ചാര്‍ജിങ് സൗകര്യവും ഏര്‍പ്പെടുത്തും.