ജനുവരിയില്‍ മാരുതി കാറുകള്‍ക്ക് വില കൂടും

സ്വന്തം ലേഖകന്‍

 

ജനുവരി മുതല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മാരുതി കാറുകള്‍ക്ക് വില കൂടും. ആള്‍ട്ടോ മുതല്‍ എല്ലാ മോഡലുകള്‍ക്കും വില കൂട്ടുന്നതിന് കമ്പനി തീരുമാനിച്ചു. കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള വിവിധ ഘടകങ്ങളുടെ വില കൂടിയതാണ് ഇതിന് കാരണമായി കമ്പനി പറയുന്നത്.വില കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അത് തീര്‍ത്തും അസാദ്ധ്യമായ സാഹചര്യത്തിലാണ് വില ഉയര്‍ത്തുന്നത്.

 

സാമ്പത്തിക മാന്ദ്യം മൂലം മാരുതി കാറുകളുടെ വില്‍പ്പന കാര്യമായി കുറഞ്ഞിരുന്നു. വില എത്ര കണ്ട് ഉയര്‍ത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ ആള്‍ട്ടോയുടെ വില 2 .89 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന മോഡലിന് 11 .47 ലക്ഷം രൂപയുമാണ് വില.