രാജ്യവ്യാപകമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കും

സ്വന്തം ലേഖകന്‍

രാജ്യവ്യാപകമായി വാഹനങ്ങളില്‍ അതീവസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ ഏകീകരണത്തിനും കേന്ദ്ര സര്‍ക്കാര്‍. പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവ പോലെ ഡ്രൈവിംഗ് ലൈസന്‍സിലെ ഘടനയും, ഫോണ്ടും രാജ്യം മുഴുവന്‍ ഒരുപോലെ ആക്കും. സംസ്ഥാനങ്ങളിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ വഴിയാവും യൂണിവേഴ്സല്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്യുക.

 

വ്യാജ ലൈസന്‍സുകള്‍ തടയാനും രാജ്യമെങ്ങും ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് മികച്ച രൂപഘടന കൊണ്ടു വരുന്നതിനുമാണ് നടപടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ലൈസന്‍സുകള്‍ക്ക് വ്യത്യസ്ത രൂപഘടനയാണുള്ളത്. ഇത് ട്രാഫിക്ക് പെലീസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവര്‍ക്ക് പരിശോധനാ സമയത്ത് ഏറെ പ്രയാസം സൃഷ്ടിക്കാറുണ്ട്.

 

കൂടാതെ രാജ്യവ്യാപകമായി ഡ്രൈവിംഗ് ലൈസന്‍സ് ഡേറ്റാബേസ് ഇല്ല. ഇത് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വ്യാപകമാക്കിയിട്ടുണ്ട്. വ്യാജ ലൈസന്‍സുകള്‍ പെരുകുന്നത് ഇല്ലാതാക്കാനായി ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് കര്‍ശനമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.