കേന്ദ്ര ബജറ്റ് നാളെ: സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കുക ലക്ഷ്യം

സ്വന്തം ലേഖകന്‍

രണ്ടാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് നാളെ. ധനമന്ത്രി നിര്‍മല സീതാരാമന്‍റെ കന്നി ബജറ്റാണിത്. സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കുകയെന്ന ലക്ഷ്യമാണ് ധനമന്ത്രിക്ക് മുമ്പിലുള്ളത്. കാര്‍ഷികതൊഴില്‍ മേഖലകള്‍ക്ക് ബജറ്റില്‍ ഊന്നല്‍ പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ ഇന്ന് ലോക്സഭയില്‍ വെക്കും. കാര്‍ഷികവ്യാവസായിക മേഖലകളിലെ മുരടിപ്പ് മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും.


ഓഹരികള്‍ വിറ്റഴിച്ച് 90,000 കോടി രൂപ കണ്ടെത്താനായിരുന്നു ഇടക്കാല ബജറ്റിലെ നിര്‍ദേശം. ആ പരിധി കൂട്ടാനുള്ള സാധ്യതയുണ്ട്. കാര്‍ഷിക മേഖലയില്‍ വന്‍മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. അതുകൊണ്ട് കാര്‍ഷിക മേഖലയില്‍ പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. നികുതി കുറക്കുക വഴി കമ്പനികളില്‍ റിക്രൂട്ട്മന്‍റ് വര്‍ധിപ്പിക്കാനും അതുവഴി തൊഴിലില്ലായ്മയുടെ തോത് കുറയ്ക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെച്ചേക്കും.

 

പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ പരിധി ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കേരളത്തിനുണ്ട്. എയിംസ്, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂരില്‍ രാജ്യാന്തര ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, റബറിന്‍റെ താങ്ങുവില ഉയര്‍ത്തുക, തീരദേശ പാത ഉള്‍പ്പടെ മറ്റു ആവശ്യങ്ങളും കേരളത്തിന്‍റേതായിട്ടുണ്ട്.