2.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി

സ്വന്തം ലേഖകന്‍

ആദായ നികുതി നിയമം പുതുക്കുന്നതിനുള്ള സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആദായ നികുതിയില്‍ വന്‍മാറ്റങ്ങളാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായ നികുതി പരിധിയില്‍നിന്ന് ഒഴിവാക്കി. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷം വരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷംവരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനുമുകളില്‍ രണ്ടുകോടിവരെ വരുമാനമുള്ളവര്‍ നല്‍കേണ്ടത് 30 ശതമാനം നികുതിയുമാണ്.

 

നിലവില്‍ 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വര്‍ക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഈടാക്കുന്നത്. അതിനുമുകളില്‍, അഞ്ചു ലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനമവുമാണ് നികുതി. 2019 ലെ ഇടക്കാല ബജറ്റില്‍ അഞ്ചുലക്ഷം രൂപവരെയുള്ള നികുതി ബാധ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നു. സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ മധ്യവര്‍ഗക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം സമ്പന്ന വിഭാഗത്തിന് ഗുണകരവുമാണ്. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് കുറയുക.