റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് കുറച്ചു

സ്വന്തം ലേഖകന്‍

വില കുത്തനെ ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തിലേക്ക് സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരുത്തി. കഴിഞ്ഞ ഏപ്രിലിലാണ് ആര്‍.ബി.ഐ. കരുതല്‍ശേഖരത്തിലേക്ക് അവസാനമായി സ്വര്‍ണം വാങ്ങിയത്. 5.6 ടണ്‍ സ്വര്‍ണമാണ് അന്ന് വാങ്ങിയിരുന്നത്. അതിനുശേഷം ആര്‍.ബി.ഐ.യുടെ സ്വര്‍ണശേഖരത്തില്‍ വര്‍ധനയുണ്ടായിട്ടില്ല.

 

അന്താരാഷ്ട്ര നാണ്യനിധി, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ എന്നിവരുടെ കണക്കുപ്രകാരവും ആര്‍.ബി.ഐയുടെ സ്വര്‍ണശേഖരത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. നിലവില്‍ 618 ടണ്‍ സ്വര്‍ണമാണ് ആര്‍.ബി.ഐ.യുടെശേഖരത്തിലു ള്ളത്. ഇന്ത്യക്കുപുറമെ കേന്ദ്രബാങ്കുകളെല്ലാം സ്വര്‍ണം വാങ്ങുന്നതില്‍ കുറവുവരുത്തിയിട്ടുണ്ട്. ജൂലായില്‍ ലോകത്താകെ കേന്ദ്രബാങ്കുകള്‍ വാങ്ങിയത് 13.1 ടണ്‍ സ്വര്‍ണം മാത്രമാണ്. ജൂണിലെക്കാള്‍ 90 ശതമാനംവരെ കുറവാണിത്. 2017 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വാങ്ങല്‍ കൂടിയാണിത്.