ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമെന്ന് ഐഎംഎഫ്

സ്വന്തം ലേഖകന്‍

ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമെന്ന് ഐഎംഎഫ്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് മേഖലയ്ക്കുപുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും തളര്‍ച്ച ഏറെ ബാധിച്ചു. ഏപ്രില്‍-ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴുവര്‍ഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ എട്ടുശതമാനമായിരുന്നു വളര്‍ച്ച. 2019-20 വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഐഎംഎഫ് 0.3 ശതമാനം കുറച്ച് ഏഴുശതമാനമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചകൈവരിക്കുമെന്നാണ് ഐഎംഎഫിന്‍റെ അനുമാനം.