എസ്.ബി.ഐ. വീണ്ടും നിക്ഷേപ പലിശ കുറച്ചു

സ്വന്തം ലേഖകന്‍

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് നല്‍കിയിരുന്ന പലിശ കുറച്ചു. ഒരു ലക്ഷം രൂപവരെ അക്കൗണ്ടില്‍ ബാലന്‍സുണ്ടെങ്കില്‍ നല്‍കിയിരുന്ന 3.5 ശതമാനം പലിശ 3.2 5ശതമാനമായാണ് കുറച്ചത്. വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പലിശ 10 ബേസിസ് പോയന്‍റ് കുറച്ചു. ഒക്ടോബര്‍ 10 മുതല്‍ ഇത് പ്രാബല്യത്തിലാകും. സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപ പലിശ റിപ്പോ നിരക്കുമായി നേരത്തെതന്നെ ബന്ധിപ്പിച്ചിരുന്നു. നിലവില്‍ ഇത് മൂന്ന് ശതമാനമാണ്.

 

പണലഭ്യത കൂടിയതിനെ തുടര്‍ന്നാണ് എസ്ബി അക്കൗണ്ടിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ കുറച്ചത്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. എല്ലാകാലയളവിലുമുള്ള പലിശയിന്മേല്‍ 10 ബേസിസ് പോയന്‍റ് കുറവാണ് വരുത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാംതവണയാണ് ഈ രീതിയിലുള്ള പലിശനിരക്കില്‍ കുറവുവരുത്തുന്നത്.