ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

സ്വന്തം ലേഖകന്‍

 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതീവ ദുര്‍ബലമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ട ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി. സാമ്പത്തികവളര്‍ച്ചയെ കുറിച്ചുള്ള ഇപ്പോഴത്തെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനര്‍ജിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് നൊബേല്‍ ലഭിച്ചത്. '20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്" -അഭിജിത് ബാനര്‍ജി പറഞ്ഞു.

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മുന്നോട്ട് വെച്ച ന്യായ എന്ന പദ്ധതിയുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 12,000 രൂപ നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. നേരത്തെ നോട്ട് നിരോധനത്തെയും ജി.എസ്.ടി. നടപ്പാക്കിയതിനെയും അഭിജിത് ബാനര്‍ജി നിശിതമായി വിമര്‍ശിച്ചിരുന്നു.