സ്വന്തം ലേഖകന്‍
പഴയ സ്വര്‍ണത്തിന് മൂല്യമില്ലാതാകുമെന്നും എത്രയുംവേഗം കൈയിലുള്ളത് വിറ്റൊഴിയണമെന്നുമുള്ള പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. പഴയ സ്വര്‍ണം കൈവശമുള്ളവരെ ഇത് ആശങ്കപ്പെടുത്തുന്നു.എന്നാല്‍, പഴയ സ്വര്‍ണം കൈയിലുള്ളവര്‍ പരിഭ്രാന്തരാകേണ്ടതില്ല, സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയെങ്കിലും പഴയ സ്വര്‍ണം വില്‍ക്കുന്നതിന് ഇത് ബാധകമല്ല. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരമാണ് സ്വര്‍ണാഭരണങ്ങളുടെ മാറ്റ് വ്യക്തമാക്കുന്ന ഗുണമേന്മ മുദ്രയായ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമായത്. എന്നാല്‍, ഹാള്‍മാര്‍ക്കിങ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കുന്നതിന് ജ്വല്ലറികള്‍ക്കാണ് വിലക്ക്.
പുതിയ നിയമം സ്വര്‍ണ വ്യാപാരികളെ മാത്രം ബാധിക്കുന്നതായതുകൊണ്ട് സാധാരണക്കാര്‍ക്ക് ഹാള്‍മാര്‍ക്ക് ചെയ്യാത്ത ഏത് കാരറ്റിലുള്ളതും വില്‍ക്കുകയും മാറ്റിവാങ്ങുകയും ചെയ്യാം. പഴയ സ്വര്‍ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കാന്‍ കാസര്‍കോട് , കണ്ണൂര്‍, തലശ്ശേരി, കല്‍പ്പറ്റ, കോഴിക്കോട്, തിരൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, കരുനാഗപ്പള്ളി, തിരുവനന്തപുരം തുടങ്ങി 72 ഹാള്‍മാര്‍ക്കിങ് സെന്‍ററുകള്‍ കേരളത്തിലുണ്ട്.

