രാജ്യത്ത് പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായിട്ടില്ലെന്ന് സാമ്പത്തിക സര്‍വേ

സ്വന്തം ലേഖകന്‍

 

രാജ്യത്ത് പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായിട്ടില്ലെന്ന് സാമ്പത്തിക സര്‍വേ. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 5 ശതമാനം വളര്‍ച്ചാ നിരക്ക് മാത്രമാണ് നേടാനായതെന്ന് സമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച ഉണ്ടാവുമെന്ന് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ചു. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം ഉഴലുമ്പോഴാണ് വളര്‍ച്ചാ നിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നത്.

 

ഈ വര്‍ഷം, ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 ജൂലൈയില്‍ ജിഡിപി 7 ശതമാനമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നതെങ്കിലും, ഇതിനടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. ഐഎംഎഫിന്‍റെ വിലയിരുത്തലില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു.