സ്വന്തം ലേഖകന്‍
എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഇന്‍റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എടിഎം ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ. നിലവില്‍ ആദ്യ അഞ്ചു ഇടപാടുകള്‍ സൗജന്യമാണ്. അതിന് ശേഷമുളള ഓരോ ഇടപാടിനും ഉപഭോക്താവില്‍ നിന്ന് 15 രൂപ ഫീസായി ഈടാക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുളളത്. മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആ ബാങ്കിന് അക്കൗണ്ടുളള ബാങ്ക് നല്‍കുന്ന ഫീസാണിത്. ഇത് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കി.
എടിഎം മെഷീനുകളുടെ സുരക്ഷയും പരിപാലനവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് നടത്തിപ്പ് ചെലവുയര്‍ത്തിയിട്ടുണ്ട്. പരിപാലനച്ചെലവ് ഉയര്‍ന്നതനുസരിച്ച് വരുമാനം കൂടിയിട്ടില്ല. ഇപ്പോഴത്തെ നിരക്കില്‍ പ്രവര്‍ത്തനം ലാഭകരമല്ല. മാത്രമല്ല, ഇത് പുതിയ മെഷീനുകള്‍ സ്ഥാപിക്കാനുളള ശേഷി കുറയ്ക്കുന്നു. അതുകൊണ്ട് ഇന്‍റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കണമെന്നാണ് എടിഎം ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത്.

