10.5 ലക്ഷം കോടി കോര്‍പറേറ്റ് വായ്പകള്‍ മൂന്ന് വര്‍ഷത്തിനകം കിട്ടാക്കടമായി മാറുമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍

 

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ 10.52 ലക്ഷം കോടി രൂപയുടെ വായ്പകള്‍ കിട്ടാക്കടമായി മാറിയേക്കാമെന്ന് റിപ്പോര്‍ട്ട്. ബാങ്കുകള്‍ കോര്‍പറേറ്റ് മേഖലക്ക് നല്‍കിയ മൊത്തം വായ്പയുടെ 16 ശതമാനം വരും ഇത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്ന സാഹചര്യമാണ് ഇതിന് കാരണമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. ബാങ്കിംഗ് മേഖലയെ ഇത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കടുത്ത സാമ്പത്തിക മാന്ദ്യവും വില്‍പ്പനയിലെ ഇടിവും മൂലം വായ്പകള്‍ തിരിച്ചടക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്ത സാഹചര്യം ഉണ്ടാകുന്നതാണ് കാരണമായി റിപ്പോര്‍ട്ട് പറയുന്നത്.

 

ഇതില്‍ 2.50 ലക്ഷം കോടി രൂപയുടെ വായ്പയുടെ കാര്യം ഏറെ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ബാങ്കിംഗ് മേഖലക്കും സാമ്പത്തിക രംഗത്തിനും ഇത് പ്രതികൂലമായി മാറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബാങ്കുകളുടെ 500 വന്‍കിട വായ്പകളുടെ സ്ഥിതി പഠിച്ച ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.