സ്വന്തം ലേഖകന്‍
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴിയുള്ള പണമിടപാടിന് ഇനി സര്‍വ്വീസ് ചാര്‍ജില്ല. റിസര്‍വ് ബാങ്കിന്‍റെ വായ്പനയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും.
കൂടാതെ എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താനും ആര്‍ബിഐ തീരുമാനിച്ചു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മേധാവികളെക്കൂടി ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കുക. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ഇറക്കും.
നിലവില്‍ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോള്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേല്‍ സര്‍വീസ് ടാക്സും ബാധകമായിരുന്നു. എന്‍ഇഎഫ്ടി വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മിനിമം പരിധിയോ പരമാവധി പരിധിയോ ഇല്ല. എല്ലാ സമയത്തും എന്‍ഇഎഫ്ടി വഴി ഇടപാട് നടത്താവുന്നതാണ്.

