ഒരു വര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ നികുതി

സ്വന്തം ലേഖകന്‍

ഒരു വര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ചു ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കറന്‍സി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. ഇനി മുതല്‍ വന്‍തുകകള്‍ പിന്‍വലിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കേണ്ടി വരും. വ്യക്തികളുടെ നികുതി റിട്ടേണുകള്‍ താരതമ്യം ചെയ്യുന്നതിനു വേണ്ടിയാണിത്. 50,000 രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന് ഇപ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഈയിടെ വേണ്ടെന്നു വെച്ചിരുന്നു.