2022 ഓടെ എല്ലാവര്‍ക്കും വീട്: ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍

സ്വന്തം ലേഖകന്‍

എല്ലാവര്‍ക്കും വീടെന്ന സ്വപ്നം 2022 ഓടെ സാക്ഷാത്കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ശൗചാലയം, ഗ്യാസ്, കറന്‍റ് സൗകര്യങ്ങളുള്ള വീടുകളാണ് ലഭ്യമാക്കുക. ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കും. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്‍ഷന്‍ നല്‍കുക. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക.

 

കൂടാതെ ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

 

കായിക താരങ്ങളുടെ വികസനത്തിന് ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ്, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക ധനസഹായം, ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എന്‍.ആര്‍.ഐകാര്‍ക്ക് ആധാര്‍ കാര്‍ഡ്, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി പുതിയ ടെലിവിഷന്‍ ചാനല്‍, തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.