കൊവിഡ്: വാക്സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയം; മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍

 

കൊവിഡ് വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം ആദ്യമായി മൃഗങ്ങളില്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. ചൈനയില്‍ റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. കൊവിഡ് മഹാമാരിക്കെതിരെ വിവിധ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതിനിടിയിലാണ് ചൈനയില്‍നിന്നും നല്ല വാര്‍ത്തകള്‍ വരുന്നത്. കുരങ്ങുകളില്‍ വിജയം കണ്ടതോടെ ഇത് മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

 

ചൈനയുടെ തലസ്ഥാനമായ ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നില്‍. രണ്ട് വ്യത്യസ്ത അളവുകളില്‍ വാക്സിന്‍ എട്ടു റിസസ് മാക്വേക്യൂ കുരങ്ങുകളില്‍ കുത്തിവച്ചു. വാക്സിന്‍ നല്‍കി മൂന്നാഴ്ചയ്ക്കു ശേഷം കൊവിഡിനു കാരണമായ സാര്‍സ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസനാളത്തിലെ ട്യൂബുകളിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ വാക്സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്‍റെ സാന്നിധ്യമോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. ഇതോടെയാണ് പരീക്ഷണം വിജയമാണെന്നു കണ്ടെത്തിയത്.