അനന്യ പാടി, ലോകം കാതോർത്തു; സൂപ്പർഹിറ്റായി വെള്ളത്തിലെ ആദ്യ ഗാനം

എം പി നെബുല

 

'പുലരിയിലച്ഛന്റെ തുടുവിരലെന്നപോല്‍ തൊട്ടുണര്‍ത്തുന്നു തൂവെട്ടം, തന്റെ അകകണ്ണുകള്‍ തുറന്ന് ഈ കൊച്ചു ഗായിക പാടി. തൊട്ടടുത്ത് സംഗീതസംവിധായകന്‍ ബിജിപാല്‍. വെള്ളം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടപ്പോള്‍ അനന്യ എന്ന ഈ കൊച്ചുമിടുക്കിയെ കുറിച്ചാണ് ആരാധകരുടെ സംസാരം. ക്ലാസ് മുറിയിലിരുന്ന് നീ മുകിലോ എന്ന ഗാനം ആലപിച്ച് സോഷ്യല്‍മീയിയയില്‍ വൈറലായ ഈ കണ്ണൂരുകാരിയെ ആരും മറന്നുകാണില്ല. സിനിമയില്‍ പാടണമെന്ന അനന്യയുടെ സ്വപ്‌നമാണ് വെള്ളം സിനിമയിലൂടെ സഫലമായത്. മിനിറ്റുകള്‍ക്കകം സിനിമയിലെ ആദ്യ ഗാനം ആരാധകര്‍ നെഞ്ചേറ്റികഴിഞ്ഞു.

 

ധര്‍മ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ അഞ്ചാം ക്ലാസുകാരിയാണ് അനന്യ. സംഗീതവും അഭ്യസിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി. ഇഷ്ട ഗായിക ചിത്രയാണ്. പാട്ട് ഹിറ്റായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനന്യയും കുടുംബവും പറഞ്ഞു.

 

ഫാദേര്‍സ്‌ഡേയില്‍ നടി മഞ്ചുവാര്യര്‍ തന്റെ പേജിലൂടെയാണ് ഈ ഗാനം ആരാധകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ക്യാപ്റ്റന് ശേഷം പ്രജേഷ്‌സെന്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വെള്ളം. നിതീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിജിപാലിന്റെ കൊച്ചിയിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. .ഏറെ പ്രതിഭയുള്ള അനന്യക്ക് നല്ലൊരു ഭാവിയുണ്ടാകട്ടെയെന്ന് ബിജിപാല്‍ ആശംസിച്ചു.

 

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെള്ളത്തില്‍ ജയസൂര്യയെകൂടാതെസംയുക്താ മേനോന്‍,സിദ്ദിക്ക്, ഇന്ദ്രന്‍സ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക,സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി,വെട്ടുക്കിളി പ്രകാശന്‍,നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍,ബാബു അന്നൂര്‍,മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂര്‍,ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മിഎന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.