വൈദ്യുതി നിരക്കിലെ വര്‍ദ്ധനവ് എങ്ങനെ ?

സ്വന്തം ലേഖകന്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ഇത്തവണയുണ്ടായിരിക്കുന്ന വര്‍ദ്ധനവ് 6.8 ശതമാണ്. എന്നാല്‍ മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധിക്കില്ല. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും നിരക്ക് വര്‍ദ്ധനയില്ല. മൂന്ന് വര്‍ഷത്തേക്കാണ് വര്‍ദ്ധന. ഇതുവഴി കെഎസ്ഇബിയ്ക്ക് 902 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് മുമ്പ് 2017 ല്‍ ആയിരുന്നു വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്.

 

അമ്പത് യൂണിറ്റ് പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് ഒരു യൂണിറ്റിന് 25 പൈസയാണ് വര്‍ദ്ധിക്കുക. ഇതോടെ ബില്ലില്‍ അഞ്ച് രൂപയുടെ വ്യത്യാസമുണ്ടാകും. 100 യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 50 പൈസ കൂടും. അങ്ങനെ വരുമ്പോള്‍ 42 രൂപ വരെയാകും വര്‍ദ്ധന. 151 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 6.4 രൂപ കൂടും. 201 മുതല്‍ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.6 രൂപയുടെ വര്‍ദ്ധനയുണ്ടാകും. നിരക്ക് വര്‍ദ്ധനയ്ക്കൊപ്പം ഫിക്സഡ് ചാര്‍ജ്ജിനും സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.