വൈദ്യുതിയിലോടുന്ന ഹ്യുണ്ടായ് കോന ഇന്ത്യയിലെത്തി

സ്വന്തം ലേഖകന്‍

ഹ്യൂണ്ടായിയുടെ വൈദ്യുതിയിലോടുന്ന എസ്.യു.വി. ഇന്ത്യയില്‍ പുറത്തിറങ്ങി. ഹ്യുണ്ടായ് കോന എന്ന പേരിലുള്ള ഈ കരുത്തന് 25.3 ലക്ഷമാണ് വില. ഒറ്റചാര്‍ജില്‍ നിലവാരമുള്ള റോഡുകളില്‍ കോന 452 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആറ് മണിക്കൂറാണ് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം. ചാര്‍ജ് ചെയ്യുന്നതിനുള്ള കിറ്റ് വാഹനത്തോടൊപ്പം ലഭിക്കും. വെറും 9.7 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കോനക്ക് കഴിയും.

 

ആറ് എയര്‍ ബാഗുകള്‍, ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ടയര്‍ പ്രെഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ കാമറ തുടങ്ങിയ നിരവധി ഫീച്ചറുകളും കോനക്കുണ്ട്. മുഴുവന്‍ പാര്‍ട്സുകളും ഇറക്കുമതി ചെയ്ത് ചെന്നൈയില്‍ അസംബിള്‍ ചെയ്താണ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 11 നഗരങ്ങളില്‍ കോനയെ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു.