പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍

കേരളത്തില്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് നിയമലംഘനം കണ്ടെത്താന്‍ പൊലീസും മോട്ടോര്‍വാഹന ഉദ്യോഗസ്ഥരും ശക്തമായ പരിശോധന നടത്തണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗതാഗത കമീഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച കത്തില്‍ വ്യക്തമാക്കി.

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും വാഹനത്തിന്‍റെ ഡ്രൈവര്‍ മാത്രം ധരിച്ചാല്‍ മതിയെന്ന വിവരമാണ് കേരളത്തിലെ മാധ്യമങ്ങള്‍ പോലും ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് തെറ്റാണ്. ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധികാരമുണ്ടെന്നും കത്തില്‍പറയുന്നു. ഗതാഗത സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് കമ്മിഷണര്‍ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സൂചന.