അന്താരാഷ്ട്ര നാളികേര സമ്മേളനം: നൂതനാശയങ്ങള്‍ക്ക് ലക്ഷങ്ങളുടെ ഗ്രാന്‍റ്

സ്വന്തം ലേഖകന്‍

ആഗസ്റ്റ് 17,18 തിയതികളില്‍ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര നാളികേര സമ്മേളനത്തിന്‍റെയും പ്രദര്‍ശനത്തിന്‍റെയും ലോഗോയും ബ്രോഷറും വെബ്സൈറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള നാഷണല്‍ കോക്കനട്ട് ചാലഞ്ച് മല്‍സരത്തിനും തുടക്കമായി.

 

നാളികേര രംഗത്തെ ആശയങ്ങളും നൂതന കണ്ടെത്തലുകളും പരിപോഷിപ്പിക്കുന്നതിനാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാം. മികച്ച മൂന്ന് ടീമുകള്‍ക്ക് ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങള്‍ ലഭിക്കും. പത്ത് ടീമുകള്‍ക്ക് നൂതനാശയം വികസിപ്പിക്കുന്നതിന് 12 ലക്ഷം രൂപയുടെ ഗ്രാന്‍റ് നല്‍കും. തിരഞ്ഞെടുത്ത ടീമുകള്‍ക്ക് വിത്തിനുള്ള സഹായമായി 25 ലക്ഷം രൂപ നല്‍കും. ചടങ്ങില്‍ വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.