സ്വന്തം ലേഖകന്‍
എഴുപത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകദിനം ആഘോഷിക്കുന്നു. ജൂലൈ 12 ന് രാവിലെ 9.00 മണിക്ക് ആര്യ വൈദ്യ ഫാര്‍മസിയുടെ കോയമ്പത്തൂര്‍ നവക്കര ക്യാമ്പസില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. പ്രശസ്ത പ്രഭാഷകയും സംസ്കൃതി വൈജ്ഞാനിക സംഘത്തിന്‍റെ സ്ഥാപകയുമായ പ്രൊഫ: പ്രേമ പാണ്ഡുരംഗ ഉത്ഘാടനം നിര്‍വ്വഹിക്കും. എ.വി.പി ഗ്രൂപ്പ് ചെയര്‍മാന്‍ പദ്മശ്രീ ഡോ.പി.ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ആര്യവൈദ്യ ഫര്‍മസിയുടെ രാജ്യത്തെ മുഴുവന്‍ ശാഖകളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുടുംബ സംഗമവും നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കലും വിവിധ കലാസാംസ്ക്കാരിക പരിപാടികളും നടക്കും.
1943 ജൂലൈ 12 നു കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ എ വി പി ഗ്രൂപ്പിന് കീഴില്‍ ഇന്ന് ലോകമൊട്ടാകെ നിരവധി സ്ഥാപനങ്ങളും ഏജന്‍സികളും ജീവനക്കാരും ആയുര്‍വേദ പ്രചാരണത്തിനായി പ്രവര്‍ത്തനത്തിലാണ്. ആയുര്‍വേദ പഠന, ചികിത്സാ, ഗവേഷണ രംഗത്തു വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നാണ് പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി വിലയിരുത്തുന്നത്.

